ഷൂമാക്കറിന്റെ കുടുംബം പാപ്പരാകുന്നു; വിമാനവും വസതിയും ചികിത്സയ്‌ക്കായി വിറ്റു

Webdunia
ചൊവ്വ, 12 മെയ് 2015 (11:08 IST)
ഏഴു തവണ ഫോര്‍മുല വണ്‍ ലോകചാമ്പ്യനായ കാര്‍ റേസിംഗ് ഇതിഹാസം മൈക്കിള്‍ ഷൂമാക്കറിന്റെ കുടുംബം കടുത്ത സാമ്പത്തിക വിഷമത്തിലെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറിന്റെ ആശുപത്രി ചെലവിനായി അദ്ദേഹത്തിന്റെ സ്വകാര്യ വിമാനവും അവധിക്കാല വസതിയും വിറ്റതായാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷൂമാക്കറിന്റെ ഭാര്യ കൊറിനയാണ്‌ വിമാനവും വസതിയും വിറ്റത്‌.

ഷൂമാക്കറിന്റെ ചികിത്സയ്‌ക്ക് ഒരാഴ്‌ചയില്‍ വേണ്ടിവരുന്നത് ഒരു കോടി രൂപയോളമാണ്‌. ഈ സാഹചര്യത്തിലാണ് സ്വകാര്യ വിമാനവും അവധിക്കാല വസതിയും വിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നുള്ള ചികിത്സയ്‌ക്കായി ഫ്രാന്‍സിലുള്ള വില്ലയും ഉടന്‍ വില്‍ക്കുമെന്നാണ്‌ സൂചന. 2.5 കോടി യൂറോയ്‌ക്ക് വിമാനം വിറ്റു എന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍ അവധികാല വസതിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

2013 ഡിസംബറിലാണ്‌ നടന്ന അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായ പരുക്കേറ്റ ഷുമാക്കറെ സ്വിറ്റ്‌സര്‍ലണ്ടിലെ പ്രത്യേകം തയ്യാറാക്കിയ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും സംസാരിക്കാനോ നടക്കാനോ സാധിച്ചിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.