ഇനി ഏഴ് ദിവസങ്ങള്‍ കൂടി; ഐഎസ്എൽ മാമാങ്കത്തിന് അടുത്ത ശനിയാഴ്ച കിക്കോഫ്

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2015 (10:57 IST)
ഇനി വെറും ഏഴ് ദിവസങ്ങള്‍കൂടി. കൃത്യമായി പറഞ്ഞാല്‍ അടുത്ത ശനിയാഴ്ച അതായത് ഒക്ടോബര്‍ മൂന്നിന് കാല്‍‌പന്ത് കളിയുടെ ഇന്ത്യന്‍ മാമാങ്കത്തിന് തുടക്കമാകും. രണ്ടര മാസക്കാലം ആഘോഷരാവുകൾ സമ്മാനിച്ച് എട്ട് ഫ്രാഞ്ചൈസികൾ അണിനിരത്തുന്ന സൂപ്പർ ടീമുകൾ ഇഞ്ചോടിഞ്ച് പൊരുതി കരുത്തുകാട്ടും. ഡിസംബർ 20നാണ് ഫൈനൽ.

വൻ വിജയമായ ആദ്യസീസണിനുശേഷം രണ്ടാം സീസണിനൊരുങ്ങുന്ന ഐ.എസ്.എല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. ലോകത്തേറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഫുട്ബാൾ ലീഗുകളിലൊന്നായി മാറാൻ പ്രാരംഭ സീസണിൽ തന്നെ ഐഎസ്എല്ലിന് കഴിഞ്ഞിരുന്നു. ഒക്ടോബര്‍ മുന്നിന് ശനിയാഴ്ച രാത്രി ഏഴുമണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആതിഥേയരായ ചെന്നൈയിൻ എഫ്.സിയും നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും തമ്മിലാണ് പുതിയ സീസണിലെ ആദ്യപോരാട്ടം നടക്കുക.

നാട്ടിലും വിദേശത്തുമായി ലോകോത്തര നിലവാരമുള്ള പരിശീലനം നേടിയ ശേഷമാണ് ടീമുകൾ എല്ലാം രണ്ടാം സീസണിന് ബൂട്ട് കെട്ടുന്നത്. സീക്കോ, പീറ്റർടെയ്ലർ, പ്ളാറ്റ് തുടങ്ങിയ വൻ പരിശീലകരും റോബർട്ടോ കാർലോസ്, അനെൽക്ക, മറ്റെരാസി, മർച്ചേന തുടങ്ങിയ വമ്പൻ താരമെല്ലാം ചേർന്ന് ഐ.എസ്.എല്ലിനെ ഇത്തവണയും സൂപ്പർ ഹിറ്റാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ലോകം.

കേരളം, ചെന്നൈ, മുംബൈ, പുനെ, ഗോവ, നോര്‍ത്ത് ഈസ്റ്റ്, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങി എട്ട് ടീമുകളാണ് ഉള്ളത്. താരനിർണയത്തിലുൾപ്പെടെ ബുദ്ധിപരമായ നീക്കം നടത്തിയാണ് ഇത്തവണ എല്ലാവരും ബൂട്ട്കെട്ടുന്നത്. പ്രതിരോധം, ആക്രമണം, മധ്യനിരകള്‍ എന്നിവ ശക്തിപ്പെടുത്തി കപ്പെടുക്കാന്‍ തന്നെയാണ് ടീമുകളുടെ തീരുമാനം.