ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ ടീം ക്വാർട്ടറിൽ

Webdunia
വെള്ളി, 30 ജൂലൈ 2021 (17:50 IST)
ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യൻ പുരുഷ ടീമിന് ജപ്പാനെതിരെ ഉജ്ജ്വല വിജയം. ഗോള്‍മഴ കണ്ട പൂള്‍ എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരാന ജപ്പാനെ ഇന്ത്യ 5-3നു പരാജയപ്പെടുത്തുകയായിരുന്നു.
 
ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഡമന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ഷംസേര്‍ സിങ്, നിലാകാന്ത് ശര്‍മ, വരുണ്‍ കുമാര്‍ എന്നിവരാണ് ഗോൾ നേടിയത്. വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാന്‍ഡിനെ 3-2നു തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും തൊട്ടടുത്ത കളിയില്‍ ഓസ്‌ട്രേലിയയോടു 1-7നു നാണംകെട്ടിരുന്നു. എന്നാൽ ഇതിലൊന്നും തന്നെ തളരാതെ സ്‌പെയിനിനെ 3-0നും അര്‍ജന്റീനയെ 3-1നും തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
 
കളിയുടെ ഒന്നാം ക്വാർട്ടറിൽ തന്നെ ഇന്ത്യ ഒരു ഗോളോടെ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡുയര്‍ത്തി. എന്നാൽ രണ്ടു മിനിറ്റിനകം ജപ്പാന്‍ ഗോള്‍ മടക്കി. മൂന്നാം ക്വാർട്ടറിലെ 33ാം മിനിറ്റില്‍ കോത്ത വതാനെബെയിലൂടെ ഇന്ത്യയെ ഞെട്ടിച്ച് ജപ്പാന്‍ സമനില കൈക്കലാക്കി. എന്നാൽ തൊട്ടടുത്ത നിമിഷം ത‌ന്നെ ഷംസേർ സിങിലൂടെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. നാലാം ക്വാര്‍ട്ടറില്‍ 51ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയമുറപ്പാക്കിക്കൊണ്ട് നിലാകാന്ത് ശര്‍മ നാലാം ഗോളും നേടിയപ്പോള്‍ ആറു മിനിറ്റിനകം വരുണ്‍ കുമാര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article