ബിഗ് ബാഷ് താരത്തിൽ നിന്നും ലോക ഒന്നാം നമ്പർ ടെന്നീസ് താരത്തിലേക്ക്! ചില്ലറകാരിയല്ല ആഷ്‌ലി ബാർട്ടി

Webdunia
ഞായര്‍, 30 ജനുവരി 2022 (10:21 IST)
ലോക വനിതാ ടെന്നീസ് ഒന്നാം നമ്പർ താരമാവുക, 44 വർഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കുന്ന ഓസ്ട്രേലിയൻ വംശജ എന്ന നേട്ടം. ആഷ്‌ലി ബാർട്ടി എന്ന 25കാരി വാർത്തകളിൽ നിറയുകയാണ്. എന്നാൽ ലോക ഒന്നാം നമ്പർ ടെന്നീസ് താരമാകുന്നതിന് മുൻപെ ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീ​ഗായ ബി​ഗ് ബാഷ് ലീ​ഗിൽ ബ്രിസ്ബേൻ ഹീറ്റ്‌സിന് വേണ്ടി ബാറ്റേ‌ന്തിയിരുന്നൊരു കാലം ആഷ്‌ലി ബാർട്ടിക്കുണ്ട്.
 
2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി10 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്. പിന്നീട് ക്രിക്കറ്റിൽ നിന്നും വഴി മാറി നടന്ന ബാർട്ടി ടെന്നീസിലേക്ക് തിരിച്ചുപോവുകയായിരുന്നു. 2021ലെ വിംബിള്‍ഡണില്‍ കീരിടം നേടി രണ്ടാം ഗ്രാന്‍സ്ലാം ഷോകേസിലെത്തിച്ച ബാര്‍ട്ടിയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണ് ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണിലേത്.
 
ആവേശകരമായ ദിവസങ്ങളായിരുന്നു അവ എന്നാണ് ബിഗ് ബാഷില്‍ കളിച്ചിരുന്ന കാലത്തെ ആഷ്‌ലി ബാർട്ടി ഓർത്തെടുക്കുന്നത്.  അന്നത്തെ ക്രിക്കറ്റ് ടീം അം​ഗങ്ങളുമായി ഇപ്പോഴും ആത്മബന്ധം തുടരുന്നുണ്ടെന്നും ബാർട്ടി 2019ൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ക്രിക്കറ്റിന് ഒരു താരത്തെ നഷ്ടമായെങ്കിലും ബ്രിസ്ബേൻ ഹീറ്റ്സിലെ ക്രിക്കറ്റ് താരത്തിൽ നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരമായുള്ള ബാർട്ടിയുടെ വളർച്ച ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്.
 
2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമെന്ന റെക്കോർഡ് നേട്ടം ബാർട്ടി കുറിച്ചിരുന്നു.മാർ​ഗരറ്റ് കോർട്ടും, ​ഗൂലാ​ഗോം​ഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ.

അനുബന്ധ വാര്‍ത്തകള്‍

Next Article