ഇതെന്റെ അവസാന സീസൺ: ടെന്നീസ് കോർട്ടിനോട് വിടപറയാനൊരുങ്ങി സാനിയ

ബുധന്‍, 19 ജനുവരി 2022 (15:33 IST)
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ടെന്നീസ് കോർട്ടിനോട് വിട പറയുന്നു. 2022 തന്റെ അവസാന ടെന്നീസ് സീസണായിരിക്കുമെന്ന് സാനിയ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം.
 
ഈ സീസൺ അവസാനം വരെ കളിക്കുവാൻ പറ്റുമോ എന്നറിയില്ല. ഇതെന്റെ അവസാന സീസൺ ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. സാനിയ പറഞ്ഞു.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് താരം കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍ സ്ലൊവേനിയന്‍ ജോഡി തമാര സിദാന്‍സെക്-കാജ ജുവാന്‍ സഖ്യത്തോട് രണ്ടു സെറ്റ് പോരാട്ടത്തില്‍ പരാജയപ്പെട്ടു.
 
2003 മുതല്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കുന്ന താരം 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പറായ താരം കരിയറിൽ ആറ് ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സിംഗിൾസിൽ 27 റാങ്ക് സ്വന്തമാക്കിയതാണ് മികച്ച നേട്ടം 2007ലായിരുന്നു ഇത്. ടെന്നീസിൽ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ ഏറ്റവും ഉയർന്ന റാങ്കാണിത്.
 
സ്വെറ്റ്‌ലാന കുറ്റ്‌നെസോവ, വെര സ്വനരേവ, മരിയന്‍ ബര്‍തോളി, മാര്‍ട്ടിന ഹിംഗിസ്, ദിനാര സഫീന, വിക്ടോറിയ അസരങ്ക തുടങ്ങിയ ലോകോത്തര താരങ്ങളെ സാനിയ പരാജയപ്പെടുത്തിയിട്ടുണ്ട്. കണങ്കൈയ്ക്കേറ്റ പരിക്കിനെ തുടർന്നാണ് സാനിയ സിംഗിൾസ് കരിയർ ഉപേക്ഷിച്ചത്.
 
ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കുന്ന ഇന്ത്യയിലെ രണ്ടു വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏകമിന്ത്യൻ താരവും സാനിയയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍