ഹേസൽ വുഡ് മഗ്രാത്തിനെ ഓർമിപ്പിക്കുന്ന ബൗളർ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഓസീസ് പേസ് നിരയെ പ്രവചിച്ച് രവി ശാസ്ത്രി

അഭിറാം മനോഹർ

വെള്ളി, 25 ഏപ്രില്‍ 2025 (19:40 IST)
ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഓസ്‌ട്രേലിയന്‍ പേസ് അറ്റാക്കിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. നിരവധി പേസ് ഓപ്ഷനുകള്‍ ഓസ്‌ട്രേലിയക്കുണ്ടെങ്കിലും പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹേസല്‍വുഡ് എന്നിവരടങ്ങിയ പേസ് നിര തന്നെയാകും ഫൈനലില്‍ ഇറങ്ങുകയെന്ന് ശാസ്ത്രി പറയുന്നു. ഹേസല്‍വുഡിന് പരിക്കാണെങ്കില്‍ സ്‌കോട്ട് ബോളണ്ടായിരിക്കും പകരം ടീമില്‍ വരികയെന്നും ഓള്‍ റൗഡറായി ബ്യൂ വെബ്സ്റ്ററെയാകും ഓസ്‌ട്രേലിയ കളത്തിലിറക്കുകയെന്നും ശാസ്ത്രി പറയുന്നു.
 
ഐസിസി റിവ്യൂ പ്രോഗ്രാമില്‍ സഞ്ജന ഗണേഷനോട് സംസാരിക്കവെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ പറ്റി ശാസ്ത്രി പ്രതികരിച്ചത്. ഹേസല്‍വുഡ് ഫിറ്റാണെങ്കില്‍ ഹേസല്‍വുഡ് തന്നെ ഓസ്‌ട്രേലിയക്കായി കളത്തില്‍ ഇറങ്ങണമെന്നും ഗ്ലെന്‍ മഗ്രാത്തിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഹേസല്‍വുഡ് പന്തെറിയുന്നതെന്നും രവി ശാസ്ത്രി പറയുന്നു. കൂടാതെ ലോര്‍ഡ്‌സിലെ സാഹചര്യവും ഹേസല്‍വുഡിന്റെ ബൗളിങ്ങിന് അനുകൂലമാണെന്നും ശാസ്ത്രി പറയുന്നു.
 
ഹേസല്‍വുഡ് ഫിറ്റ് ആണെങ്കില്‍, അദ്ദേഹത്തിന് ബോളാന്‍ഡിനെ മറികടന്ന് ടീമില്‍ സ്ഥാനം ലഭിക്കും. ഇംഗ്ലീഷ് പരിസ്ഥിതിയും ലോര്‍ഡ്‌സ് മൈതാനത്തിന്റെ സ്ലോപ്പും (ചരിവ്) ഹേസല്‍വുഡിന് അനുകൂലമാണ്. ശാസ്ത്രി പറഞ്ഞു. അതേസമയം ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ഹേസല്‍വുഡിന് മുന്നില്‍ തടസമായി നില്‍ക്കുന്നത്. ഇക്കഴിഞ്ഞ ഇന്ത്യയ്‌ക്കെതിരെയുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സീരീസിന്റെ പകുതിയില്‍ വെച്ച് പരിക്ക് മൂലം ഹേസല്‍വുഡ് പുറത്തായിരുന്നു. തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ താരത്തിന് നഷ്ടമായിരുന്നു. നിലവില്‍ ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 8 മത്സരങ്ങളില്‍ 12 വിക്കറ്റുകളുമായി മികച്ച ഫോമിലാണ് താരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍