സാനിയ ഫെഡറേഷന്‍ കപ്പിനില്ല

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2009 (19:21 IST)
PTI
ഓസ്ട്രേലിയയില്‍ ആരംഭിക്കാനിരിക്കുന്ന ഫെഡറേഷന്‍ കപ്പ് ടെന്നീസില്‍ നിന്നും പിന്‍‌മാറിയതായി സാനിയ മിര്‍സ അറിയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണിലെ മത്സരത്തിനിടയില്‍ പരുക്ക് പറ്റിയത് കാരണമാണ് വിട്ട് നില്‍ക്കാന്‍ തീരുമാനിക്കുന്നതെന്ന് ഇന്ത്യന്‍ ടെന്നിസ് താരം വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയ താരം മുംബൈയില്‍ എത്തിയപ്പോളാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ഏഷ്യ/ഓഷ്യാനിയ സോണ്‍ ഗ്രൂപ്പ്‌ 1 ഫെഡറേഷന്‍ കപ്പ്‌ ടെന്നീസ്‌ ടൂര്‍ണമെന്റ് നടക്കുക. സാനിയയുടെ പിന്‍‌മാറ്റത്തോടെ ഇന്ത്യന്‍ ടീമംഗങ്ങളുടെ എണ്ണം മൂന്നായി കുറഞ്ഞു. അംഗിത ഭാംബ്രി, സാനാ ഭാംബ്രി, രുഷ്‌മി ചക്രവര്‍ത്തി എന്നിവരാണ് ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍.

കൂടുതല്‍ ഗ്രാന്‍റ് സ്ലാമുകള്‍ നേടുകയാണ് കരിയറിലെ ഭാവിയിലെ ലക്‍ഷ്യമെന്ന് സാനിയ അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ജൂനിയര്‍ സിംഗിള്‍സ്‌ കിരീടം നേടിയ യുകി ഭാംബ്രിയ്‌ക്ക് ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമായിരുന്നു നല്‍കിയത്.