KL Rahul: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്ക് കെ.എല്‍.രാഹുല്‍ ഇല്ല. ചാംപ്യന്‍സ് ട്രോഫിക്കു മുന്‍പ് തനിക്ക് വിശ്രമം വേണമെന്ന് രാഹുല്‍ ബിസിസിഐയോടു ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് താരം ബിസിസിഐയോടു ആവശ്യപ്പെട്ടിരിക്കുന്നത്.
' ഇംഗ്ലണ്ടിനെതിരായ പരമ്പരകളില്‍ നിന്ന് രാഹുല്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം സെലക്ഷനില്‍ അദ്ദേഹം പരിഗണിക്കപ്പെടും,' ബിസിസിഐയുമായി ഏറ്റവും അടുത്ത വ്യക്തി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായാണ് രാഹുലിനെ പരിഗണിക്കുക.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുല്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇറങ്ങിയ രാഹുല്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. ചാംപ്യന്‍സ് ട്രോഫിയിലും സമാന ഉത്തരവാദിത്തം തന്നെയായിരിക്കും താരത്തിനു ലഭിക്കുക. ഇന്ത്യക്കായി 77 ഏകദിനങ്ങളില്‍ നിന്ന് 49.15 ശരാശരിയില്‍ 2,851 റണ്‍സാണ് രാഹുല്‍ ഇതുവരെ നേടിയിരിക്കുന്നത്.