ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ മുന്‍ ലോക ചാമ്പ്യന്‍ ജര്‍മനിയുടെ മൈക്കല്‍ ഷൂമാക്കര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത അസ്തമിച്ചെന്ന് ഡോക്ടര്‍മാര്‍. ഷൂമാക്കറെ ചികിത്സിക്കുന്ന ഗ്രനോബിള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ജര്‍മന്‍ മാസിക ഫോക്കസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ 29-ന് ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതനിരയിലെ സ്‌കീയിങ് റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ 45 കാരനായ ഷൂമാക്കര്‍ അബോധാവസ്ഥയിലാണ്. ഏഴാഴ്ചയോളമായി മരുന്നുകളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ഷൂമാക്കറെ രക്ഷപ്പെടുത്താമെന്നുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചതായി ചികിത്സിക്കുന്ന ഗ്രനോബിള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിലയിരുത്തിയതായി മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
മയക്കുമരുന്നുകളുടെ അളവ് കുറച്ച് ഷൂമാക്കറെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞ ജനവരി 30-ന് ഡോക്ടര്‍മാര്‍ ശ്രമം തുടങ്ങിയതായി ഷൂമാക്കറിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് മൂന്നാഴ്ചയിലേറെയായിട്ടും പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഷൂമാക്കറെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്തിരിഞ്ഞതെന്നും ജര്‍മന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തു.