റോജര്‍ ഫെഡറര്‍ക്ക് പരുക്ക്; ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി

Webdunia
വെള്ളി, 20 മെയ് 2016 (14:23 IST)
പരുക്കിനേത്തുടര്‍ന്ന് മുന്‍ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്‍മാറി. പുറംവേദനയെ തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതെന്ന് ഫേസ്ബുക്കിലൂടെ താരം വ്യക്തമാക്കി. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറുന്ന കാര്യം വിഷമത്തോടെ അറിയിക്കുകയാണെന്ന് ഫെഡറര്‍ പറഞ്ഞു. 
 
ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്നാല്‍ കളിക്കളത്തില്‍ ഇറങ്ങാനുള്ള തരത്തില്‍ നൂറ് ശതമാനം കായികക്ഷമത കൈവരിച്ചിട്ടില്ല. പൂര്‍ണമായും ആരോഗ്യവാനാകാതെ കളിക്കാനിറങ്ങുന്നത് തിരിച്ചടിയാകുമോയെന്ന് ആശങ്കയുണ്ട്. ഇത്തരം തീരുമാനങ്ങള്‍ പെട്ടെന്നെടുക്കുക ദുഷ്‌കരമാണ്. പക്ഷെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനും കളിക്കളത്തില്‍ കൂടുതല്‍ കാലം നിലനില്‍ക്കാനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഫെഡറര്‍ പറഞ്ഞു. റിയോ ഒളിമ്പിക്‌സ് ഈ വര്‍ഷം നടക്കുന്നതിനാല്‍ അതിന് മുന്‍പ് കായികക്ഷമത വീണ്ടെടുക്കാനാണ് താരത്തിന്റെ ശ്രമം.
 
65 ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി പങ്കെടുത്ത താരമെന്ന ചരിത്ര നേട്ടത്തിന് താരത്തിന്റെ പിന്മാറ്റത്തോടെ അവസാനമാവുകയാണ്. എന്നാല്‍ ടെന്നീസില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് 17 ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ ഉടമയായ ഫെഡറര്‍ വ്യക്തമാക്കി. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article