ബ്രസീലിന്റെ ഇതിഹാസ താരം ഡിജാല്‍മാ സാന്റോസ് അന്തരിച്ചു. ന്യുമോണിയാ ബാധയത്തുടര്‍ന്നാണ് എണ്‍പത്തിനാലുക്കാരനായ സാന്റോസിന്റെ അന്ത്യം. രാജ്യത്തിനും ക്ലബ്ബിനും കളിക്കുമ്പോള്‍ ഒരിക്കല്‍ പോലും ചുവപ്പുകാര്‍ഡ് കണ്ടിട്ടില്ലാതെ സാന്റോസിനെ മാന്യതയുടെ പര്യായമായിട്ടാണ് വിശേഷിപ്പിക്കുന്നത്.
ലോകഫുട്ബോളിലെ എണ്ണം പറഞ്ഞ വിംഗ് ബാക്കുകളില്‍ ഒരാളായിരുന്നു സാന്റോസ്. 1958ലെ സ്വീഡന്‍ ലോകകപ്പിലെ ഫൈനലിലെ ഒറ്റക്കളി കൊണ്ട് ടൂര്‍ണമെന്റിലെ മികച്ച വലത് വിംഗ്ബാക്കിനുള്ള പുരസ്‌കാരം നേടിയ ആളായിരുന്നു സാന്റോസ്. ആ ലോകകപ്പില്‍ ഫൈനലില്‍ മാത്രമെ കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ എന്നറിയുമ്പോളാണ് സാന്റോസിന്റെ കളിമികവ് മനസിലാവുകയുള്ളൂ.
1954 മുതല്‍ 66 വരെയുള്ള ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിലെ സ്ഥിരം കളിക്കാരനായിരുന്നു സാന്റോസ്. തന്റെ മുപ്പത്തിയേഴാം വയസിലായിരുന്നു 66 ലെ ലോകകപ്പ് കളിച്ചത്. 54, 58, 62 ലോകകപ്പുകള്‍ക്ക് ശേഷം ഫിഫ തെരഞ്ഞെടുത്ത ലോക ഇലവനിലും അദ്ദേഹത്തിനു സ്ഥാനം ലഭിച്ചിരുന്നു. പെലെ, ഗാരിഞ്ച തുടങ്ങിയവരുടെ സമകാലികനുമായിരുന്നു സാന്റോസ്.