ഫുട്‌ബോള്‍: ബ്രസീലിനെ ബോസ്നിയ വിറപ്പിച്ചു!

Webdunia
വ്യാഴം, 1 മാര്‍ച്ച് 2012 (11:32 IST)
ആ വര്‍ഷത്തെ ആദ്യത്തെ അന്താരാ‍ഷ്ട്ര മത്സരത്തിന് ഇറങ്ങിയ ബ്രസീലിനെ ബോസ്നിയ വിറപ്പിച്ചു. സെന്റ് ഗാലനില്‍ നടന്ന അന്താരാഷ്ട്ര ഫുട്ബോള്‍ സൌഹൃദ മത്സരത്തിലാണ് ബ്രസീല്‍ വിറച്ചുപോയത്. അവസാനം, ബോസ്നിയയ്ക്കെതിരെ കഷ്ടിച്ച് വിജയിക്കാനേ ബ്രസീലിനായുള്ളൂ. മുന്‍ ലോക ചാമ്പ്യന്‍‌മാരും 2014-ലെ ഫുട്ബോള്‍ ലോകകപ്പിന്റെ ആതിഥേയരും ആണ് ബ്രസീലെന്നത് ശ്രദ്ധേയമാണ്. ഇന്‍ജുറി ടൈമില്‍ ബോസ്നിയ താരം സസ പപക് സമ്മാനിച്ച സെല്‍ഫ് ഗോളാണ് ബ്രസീലിനെ തുണച്ചത്.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മാഴ്സെലോയിലൂടെ ലീഡ് നേടി. ഡാനി ആല്‍വസിന്‍റെ പാസില്‍ നിന്നായിരുന്നു ഗോള്‍. നിമിഷങ്ങള്‍ക്കകം അഞ്ച് തവണ ലോകകപ്പുയര്‍ത്തിയിട്ടുള്ള ബ്രസീലിനെ ഞെട്ടിച്ച് ബോസ്നിയ സമനില ഗോള്‍ കണ്ടെത്തി. ചെല്‍സിയ പ്രതിരോധ താരം ഡേവിഡ് ലൂയിസിന്‍റെ പിഴവ് മുതലാക്കുകയായിരുന്നു ബോസ്നിയ.

സ്വന്തം പെനല്‍റ്റി ഏരിയയില്‍ പന്ത് നിയന്ത്രിക്കാന്‍ പരാജയപ്പെട്ട ലൂയിസിന്‍റെ പിഴവാണ് വിനയായത്. പന്ത് ലഭിച്ച ബോസ്നിയ സ്ട്രൈക്കര്‍ വെദാദ് ഇബിസെവിച്ചിന് വലകുലുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നില്ല. കീപ്പര്‍ ജൂലിയോ സെസാറിന് കാഴ്ചക്കാരനായി നില്‍ക്കാനെ കഴിഞ്ഞുള്ളു.

ബോസ്നിയ ഗോളി അസ്മീര്‍ ബെഗൊവിച്ചിന്‍റെ നിര്‍ണായക രക്ഷപെടത്തലുകളും മത്സരത്തില്‍ ബോസ്നിയയെ തുണച്ചു. പതിനേഴാം മിനിറ്റില്‍ ലിയാന്‍ഡ്രൊ ഡാമിയോയുടെ ഗോളെന്നുറച്ച ഷോട്ട് കുത്തിയകറ്റിയതടക്കം ബൊഗൊവിച്ചിന്‍റെ സേവുകള്‍ നിരവധി. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബ് സ്റ്റോക്ക് സിറ്റിയുടെ താരമാണ് ബൊഗൊവിച്ച്.

ആദ്യ പകുതിയില്‍ മത്സരം നിയന്ത്രിച്ചത് മുഴുവന്‍ ബ്രസീല്‍. റൊണാള്‍ഡീഞ്ഞോയും നെയ്മറും മുന്നേറ്റത്തെ നയിച്ചപ്പോള്‍ കാക ഫൈനല്‍ ഇലവനിലുണ്ടായില്ല. ആദ്യ പകുതിക്ക് ശേഷം റൊണാള്‍ഡീഞ്ഞോയെ പിന്‍വലിച്ചു കോച്ച് മാനൊ മെനെസെസ്. ഗന്‍സൊ എത്തിയപ്പോള്‍ ഹെര്‍ണാനെസിന് പകരം ഹള്‍ക്കുമെത്തി. ലൂക്കാസ് മൗറയും ലിയാന്‍ഡ്രോയും എ ത്തിയതോടെ ബ്രസീലിന്‍റെ ആക്രമണങ്ങള്‍ക്ക് ശക്തികൂടി. തൊണ്ണൂറ്റിയൊന്നാം മിനിറ്റില്‍ ഹള്‍ക്കിന്‍റെ ഷോട്ട് സസയുടെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു.