ദേശീയ വോളി: കേരളം സെമിയില്‍

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (13:03 IST)
ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ പുരുഷ വനിതാ ടീമുകള്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ പുരുഷടീം നിലവിലെ ചാമ്പ്യന്‍‌മാരായ റയില്‍‌വേസിനെ പരാജയപ്പെടുത്തിയപ്പോള്‍ വനിതാ ടീം കര്‍ണാടകയെ പരാജയപ്പെടുത്തിയാണ് ആദ്യ നാലിലേക്ക് കടന്നത്.

തിങ്കളാഴ്ച നടക്കുന്ന സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്‍റെ എതിരാളികള്‍. വനിതകള്‍ ബംഗാളിനെ ഏതിരിടും. നിര്‍ണ്ണായകമത്സരത്തില്‍ കരുത്തരായ റയില്‍‌വേയെ 25-21, 25-18, 25-20 എന്ന സ്കോറുകള്‍ക്കാണ് മറികടന്നത്. ടോം ജോസഫ്, വിപിന്‍ എം ജോര്‍ജ്ജ്, ജയലാല്‍ എന്നിവരായിരുന്നു കേരളത്തിന്‍റെ പ്രകടനത്തിനു തുണയായത്.

കഴിഞ്ഞ തവണ കിരീട പോരാട്ടത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയതിനു മധുരമായി പകരം വീട്ടാനും കേരളത്തിനായി. മറ്റു മത്സരത്തില്‍ തമിഴ്‌നാട് പഞ്ചാബിനെ കീഴടക്കിയാണ് സെമിയിലെത്തിയത്. നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ കേരളം തമിഴ്‌നാടിനെ കീഴടക്കിയിരുന്നു.

കര്‍ണാടകയെ വനിതാ ടീം പിടിച്ചത് 25-18, 25-11, 25-16 എന്ന സ്കോറിനായിരുന്നു. സെമിയില്‍ ബംഗാളിനെ കേരളം നേരിടും. തമിഴ്‌നാടും റയില്‍‌വേയും തമ്മിലാണ് രണ്ടാമത്തെ മത്സരം.