കളിക്കളത്തിലെ നായകരുടെ കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ വിട പറഞ്ഞു. അവസാനമത്സരത്തില്‍ വിജയത്തോടെ വിടപറയാമെന്ന ഫെര്‍ഗൂസന്റെ മോഹം സഫലമായില്ല. പ്രീമിയര്‍ ലീഗില്‍ സീസണിലെ അവസാന മത്സരം കളിക്കാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെസ്‌ബ്രോംവിച്ച് സമനിലയില്‍ തളച്ചു. ഗോള്‍ മഴ പെയ്ത മത്സരത്തില്‍ 5-5നാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഇതോടെ യുണൈറ്റഡില്‍ ഇരുപത്തിയാറര വര്‍ഷം നീണ്ട അലക്‌സ് ഫെര്‍ഗൂസന്‍ യുഗത്തിന് അന്ത്യമായി.
സൂപ്പര്‍താരം വെയ്ന്‍ റൂണിയില്ലാതെയിറങ്ങിയ ചുവന്ന ചെകുത്താന്‍മാര്‍ 5-2ന് മുന്നിട്ട് നിന്ന ശേഷമാണ് സമനിലയിലെത്തിയത്. റൊമേലു ലുക്കാകുവിന്റെ ട്രിബിള്‍ ഗോള്‍ നേട്ടമാണ് വെസ്റ്റ്‌ബ്രോംവിച്ചിന് സമനില നേടിക്കൊടുത്തത്. കളി തുടങ്ങി ആറം മിനിറ്റില്‍ ഷിന്‍ജി കഗാവയിലൂടെ യുണൈറ്റഡ് ഗോള്‍ മടക്കി. ആദ്യ ഗോളിന്റെ ആഘോഷം കെട്ടടങ്ങും മുന്‍പ് ഒന്‍പതാം മിനിറ്റില്‍ ജൊനാസ് ഓല്‍സന്‍ സ്വന്തം വലയിലേക്ക് പന്ത് തട്ടിയിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ നേട്ടം രണ്ടായി ഉയര്‍ത്തി. ക്ലെവര്‍ലിയുടെ പാസില്‍ നിന്നും മികച്ചൊരു ഇടങ്കാലന്‍ ഷോട്ടിലൂടെ ബട്ട്‌നര്‍ യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടുന്നത് വെസ്റ്റ്‌ബ്രോംവിച്ചിന് കാഴ്ചക്കാരാരായി നോക്കി നില്‍ക്കേണ്ടി വന്നു.
3-0 ത്തിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു വെസ്റ്റ്‌ബ്രോംവിചിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റുകള്‍ ശേഷിക്കെ ജെയിംസ് മോറിസണ്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടി. അന്‍പതാം മിനിറ്റില്‍ ലുക്കേകു തന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച മാഞ്ചസ്റ്ററിനു വേണ്ടി വാന്‍പേഴ്‌സിയും ചിചാരിറ്റോയും പത്ത് മിനിറ്റിന്റെ ഇടവേളകളില്‍ ഗോള്‍ മടക്കി.
മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന മാഞ്ചസ്റ്ററിന്റെ വിജയപ്രതീക്ഷ തകര്‍ത്തത് അവസാന പത്ത് മിനിറ്റുകളായിരുന്നു. 81,81,86 മിനിറ്റുകളില്‍ വെസ്റ്റ്‌ബ്രോംവിച്ച് സ്‌കോര്‍ ചെയ്തു. ഇതില്‍ രണ്ടെണ്ണം ലുക്കാകുവിന്റെ വകയും ഒരെണ്ണം മുലുംബുവിന്റെ വകയുമായിരുന്നു. എഴുപത്തിയൊന്നുകാരനായ അലക്‌സ് ഫെര്‍ഗൂസന് പകരം ഡേവിഡ് മോയസ് മാഞ്ചസ്റ്ററിന്റെ പുതിയ കോച്ചാകും. യുണൈറ്റഡിന്‍റെ ഇത്തവണത്തെ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത് രാജകീയമായാണ് ഫെര്‍ഗൂസണ്‍ ഓള്‍ഡ് ട്രാഫോഡിനോട് വിട പറയുന്നത്.