ഒളിമ്പിക്സ്: സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!

Webdunia
വെള്ളി, 8 ജൂണ്‍ 2012 (14:10 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി നാല്‍പ്പത്തിയൊമ്പത് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പികിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!

സ്വന്തം രാജ്യത്തിന്റെ ജേഴ്സിയണിയുകയാണ് ഏതൊരു കായികതാരത്തിന്റേയും സ്വപ്നം. ഒളിമ്പിക്സ് പോലുള്ള ലോകകായിക മാമാങ്കങ്ങളില്‍ സ്വന്തം രാജ്യത്തിനായി മത്സരിക്കുകയെന്നത് കായിക താരങ്ങള്‍ക്ക് സ്വപ്നസാഫല്യമാണ്. ഒളിമ്പിക്സ് പ്രത്യേക വാര്‍ത്തകള്‍ തുടങ്ങുമ്പോള്‍ വെബ്ദുനിയയും സ്വന്തം രാജ്യത്തിന്റെ കോര്‍ട്ടില്‍ തന്നെയാണ്. ആദ്യം കേരളത്തിന്റെ കോര്‍ട്ടില്‍ നിന്ന് കളി തുടങ്ങാം.
PRO
PRO


ഒളിമ്പിക്സ് എന്നത് മലയാളിയുടെ മനസ്സില്‍ പതിപ്പിച്ചതില്‍ ആദ്യ സ്ഥാനം പയ്യോളി എക്സ്പ്രസ്സിനാണ്. നമ്മുടെ സ്വപ്നങ്ങളേക്കാള്‍ വേഗത്തില്‍ ഓടിയ പി ടി ഉഷയ്ക്ക് 1994ല്‍ ലോസ് ആഞ്ചലസില്‍ നടന്ന ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കല മെഡല്‍ നഷ്ടമായത് സെക്കന്‍റിന്‍റെ നൂറിലൊരംശത്തിനാണ്.

ഉഷ 1980,1984,1988,1996 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങളില്‍ പ്രധാനിയായിരുന്നു. ഷൈനിയെന്ന മധ്യദൂര ഓട്ടക്കാരിയും ഇന്ത്യക്കായി ഒളിമ്പിക്സില്‍ ഓടിയ മലയാളി താരങ്ങള്‍ പ്രമുഖയാണ്. 1984 മുതല്‍ 1996 വരെയുള്ള എല്ലാ ഒളിമ്പിക്സിലും ഷൈനി ഇന്ത്യക്കായി മത്സരിച്ചു. ഏറ്റവുമധികം തവണ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളിയെന്ന ബഹുമതി പി ടി ഉഷയ്ക്കും ഷൈനി വില്‍സണും അവകാശപ്പെട്ടതാണ്. ഇരുവരും നാല് ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു.

ഒളിമ്പിക്സിന്റെ അത്‌ലെറ്റിക് ഇനങ്ങളുടെ ഫൈനലില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ വനിത പി ടി ഉഷയാണെന്നതും മലയാളിക്ക് അഭിമാനമാകുന്നു. സെമിഫൈനലില്‍ ഇടം നേടാനായ മലയാളി താരങ്ങള്‍ ഷൈനി വില്‍സണും കെ എം ബീനാമോളുമാണ്. 2000ലെ ഒളിമ്പിക്സിന്റെ 400 മീറ്റര്‍ സെമിഫൈനലില്‍ ബീനാമോള്‍ മത്സരിച്ചു. തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കാന്‍ ബീനാമോളിനായി. 2004 ഏതന്‍സ് ഒളിമ്പിക്സില്‍ മലയാളിയായ കെ എം ബിനു 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡും സ്ഥാപിച്ചു. 1960 ഒളിമ്പിക്സില്‍ മില്‍ഖാ സിംഗ് സ്ഥാപിച്ച 45.73 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ബിനു തിരുത്തിയത്. ബിനു 2004ല്‍ 400 മീറ്റര്‍ ഓടിയെത്തിയത് 45.48 സെക്കന്‍ഡിലാണ്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് 1956 ഒളിമ്പിക്സില്‍ നാലാം സ്ഥാനം ലഭിച്ചു. ആ ടീമില്‍ രണ്ട് മലയാളികളുണ്ടായിരുന്നു. എസ് എസ് നാരായണനും അബ്ദുള്‍ റഹ്‌മാനും. ഇപ്പോഴത്തെ നിയമമനുസരിച്ച് സെമിഫൈനലിലെത്തിയാല്‍വെങ്കലം ഉറപ്പാണ്. 1956 ല്‍ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാന്‍ സെമിയിഫൈനലില്‍ പരാജയപ്പെട്ട ടീമുകള്‍ ഏറ്റുമുട്ടി. അതിനാലാണ് നാരായണനും റഹ്‌മാനും മെഡല്‍ നേടാനാകാത്തത്. 1960 ലെ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികളെല്ലാം ഫുട്ബോള്‍ ടീമിലെ അംഗങ്ങളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഒളിമ്പിക്സില്‍ ആദ്യമായി പങ്കെടുത്ത മലയാളി കണ്ണൂര്‍ക്കാരന്‍ സി കെ ലക്ഷ്മണന്‍ ആണ്. 1924 ല്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാനാണ് സി കെ ലക്ഷ്മണന്‍ പാരീസിലെത്തിയത്. ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന ലക്ഷ്മണനൊപ്പം പാരീസിലെത്തിയ ഇന്ത്യന്‍ ടീമില്‍ എട്ട് അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

ഏറ്റവും അധികം കേരളീയര്‍ പങ്കെടുത്ത ഒളിമ്പിക്സുകള്‍ 1960, 1984, 1988, 1996 എന്നീ വര്‍ഷങ്ങളിലേതാണ്. മൂന്ന് മലയാളികളാണ് ഈ ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്.


അടുത്ത പേജില്‍ - ആരൊക്കെ ആ അഭിമാനതാരങ്ങള്‍ - പൂര്‍ണ പട്ടിക

PRO
PRO
വര്‍ഷം വേദി കളിക്കാരന്‍ ഇനം

1. 1924 പാരീസ്, ഫ്രാന്‍സ് സി കെ ലക്ഷ്മണന്‍ 110 മീ ഹര്‍ഡില്‍സ്
2. 1948 ലണ്ടന്‍, ഇംഗ്ളണ്ട് തോമസ് വര്‍ഗ്ഗീസ് ഫുട്ബോള്‍
3. 1952 ഹെല്‍സിങ്കി, ഫിന്‍ലണ്ട് കോട്ടയം സാലി ഫുട്ബോള്‍
4. 1952 ഹെല്‍സിങ്കി, ഫിന്‍ലണ്ട് ഇവാന്‍ ജേക്കബ് 400മീ
5. 1952 മെല്‍ബണ്‍, ഓസ്ട്രേലിയ എസ് എസ് നാരായണന്‍ ഫുട്ബോള്‍
6. 1952 മെല്‍ബണ്‍, ഓസ്ട്രേലിയ അബ്ദുള്‍ റഹ്‌മാന്‍ ഫുട്ബോള്‍
7. 1960 റോം, ഇറ്റലി എസ് എസ് നാരായണന്‍ ഫുട്ബോള്‍
8. 1960 റോം, ഇറ്റലി ചന്ദ്രശേഖരന്‍ ഫുട്ബോള്‍
9. 1960 റോം, ഇറ്റലി എം ദേവദാസ് ഫുട്ബോള്‍
10. 1972 മ്യൂണിക്ക്, പശ്ചിമ ജര്‍മ്മനി സുരേഷ് ബാബു ഹൈജമ്പ്
11. 1972 മ്യൂണിക്ക്, പശ്ചിമ ജര്‍മ്മനി മാനുവല്‍ ഫെഡറിക്സ് ഹോക്കി
12. 1976 മോണ്‍ട്രിയല്‍,കാനഡ ടി സി യോഹന്നാന്‍ ലോംഗ് ജമ്പ്
13. 1980 മോസ്കോ,സോവിയറ്റ് യൂണിയന്‍ പി ടി ഉഷ 100മീ,200മീ
14. 1984 ലോസ് ആഞ്ചലസ്, അമേരിക്ക പി ടി ഉഷ 400 മീ ഹര്‍ഡില്‍സ്
15. 1984 ലോസ് ആഞ്ചലസ്, അമേരിക്ക ഷൈനി വില്‍സണ്‍ 800 മീ
16. 1984 ലോസ് ആഞ്ചലസ്, അമേരിക്ക എം ഡി വല്‍സമ്മ 4x400 മീ റിലേ
17. 1988 സോള്‍, ദക്ഷിണ കൊറിയ മേഴ്സി മാത്യു കുട്ടന്‍ 400മീ
18. 1988 സോള്‍, ദക്ഷിണ കൊറിയ പി ടി ഉഷ 400 മീ ഹര്‍ഡില്‍സ്
19. 1988 സോള്‍, ദക്ഷിണ കൊറിയ ഷൈനി വില്‍സണ്‍ 800 മീ
20 .1992 ബാര്‍സലോണ, സ്പെയിന്‍ ഷൈനി വില്‍സണ്‍ 800 മീ
21 .1996 അത്‌ലാന്‍റ, അമേരിക്ക ഷൈനി വില്‍സണ്‍ 800 മീ
22. 1996 അത്‌ലാന്‍റ, അമേരിക്ക പി ടി ഉഷ 4x400 മീ (റിസേര്‍വ്)
23.1996 അത്‌ലാന്റ, അമേരിക്ക കെ എം ബീനാ മോള്‍ 4x400 മീ
24. 2000 സിഡ്നി, ഓസ്ട്രേലിയ കെ എം ബീനാമോള്‍ 400 മീ
25. 2004 ഏതന്‍സ്, ഗ്രീസ് കെ എം ബീനാമോള്‍ 4x400 മീ
26. 2004 ഏതന്‍സ്, ഗ്രീസ് കെ എം ബിനു 400 മീ
27. 2004 ഏതന്‍സ്, ഗ്രീസ് അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജമ്പ്
28. 2004 ഏതന്‍സ്, ഗ്രീസ് ചിത്രാ കെ സോമന്‍ 4x400 മീ
29. 2008 ബെയ്ജിംഗ്, ചൈന അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജമ്പ്
30. 2008 ബെയ്ജിംഗ്, ചൈന ചിത്രാ കെ സോമന്‍ 4x400 മീ
31. 2008 ബെയ്ജിംഗ്, ചൈന പ്രീജാ ശ്രീധരന്‍ 10000 മീ
32. 2008 ബെയ്ജിംഗ്, ചൈന സിനി ജോസ് 4x400 മീ
33. 2008 ബെയ്ജിംഗ്, ചൈന രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജമ്പ്