ഇബ്രാഹ്മോവിച്ച് വര്‍ഷത്തിലെ താരം

Webdunia
ചൊവ്വ, 19 ജനുവരി 2010 (13:29 IST)
PRO
ഇറ്റലി വിട്ട് സ്പെയിനിലേക്ക് പറന്നെങ്കിലും ഇറ്റാലിയന്‍ ഫുട്ബോള്‍ പ്ലെയേഴ്സ് അസോസിയേഷന്‍റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്‍റര്‍ മിലാന്‍ താരമായിരുന്ന സ്ലേറ്റന്‍ ഇബ്രാഹ്മോവിച്ച് നേടി. കഴിഞ്ഞ സീസണില്‍ ഇരുപത്തിയഞ്ച് ഗോളുകളുമായി ഇന്‍ററിനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇബ്രാഹ്മൊമോവിച്ചിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്.

ഫുട്ബോളിലെ ഇറ്റാലിയന്‍ ഓസ്കര്‍ എന്നാണ് പുരസ്കാരം അറിയപ്പെടുന്നത്. ഇരുപത്തിയഞ്ച് ഗോളുകളുമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗായ സീരി എ യില്‍ പോയ വര്‍ഷത്തെ ടോപ് സ്കോറര്‍ ആയിരുന്നു ഇബ്രാഹ്മോവിച്ച്. മികച്ച കളിക്കാരനും മികച്ച വിദേശ കളിക്കാരനുള്ള ബഹുമതിയും ഇബ്രാഹ്മൊമോവിച്ചിനാണ്.

കഴിഞ്ഞ ജൂലൈയിലാണ് ഇന്‍റര്‍മിലാനെയും ഇറ്റലിയെയും ഉപേക്ഷിച്ച് ഇബ്രാഹ്മോവിച്ച് സ്പാനിഷ് ലീഗ് ക്ലബ്ബായ ബാര്‍സലോണയിലേക്ക് ചേക്കേറിയത്. ഇറ്റലിയെ മിസ് ചെയ്യുന്നുവെന്നായിരുന്നു അവാര്‍ഡ് വിവരമറിഞ്ഞ് ഇബ്രാഹ്മൊമോവിച്ചിന്‍റെ ആദ്യ പ്രതികരണം.

എ‌എസ് റോമയുടെ മധ്യനിരതാരം റോസിയാണ് മികച്ച ഇറ്റാലിയന്‍ കളിക്കാരനുള്ള ബഹുമതി സ്വന്തമാക്കിയത്. ഇന്‍ററിന്‍റെ ജൂലിയോ സീസര്‍ ആണ് സീരി എ യിലെ മികച്ച ഗോള്‍ കീപ്പര്‍. ടീം ഓഫ് ദ ഇയര്‍ അവാര്‍ഡും ഇന്‍ററിനാണ് ലഭിച്ചത്. എ സി മിലാന്‍റെ ബ്രസീലിയന്‍ താരം അലെക്സാന്ദ്രെ പാറ്റോ ആണ് മികച്ച യുവതാരം. യുവെന്‍റസിന്‍റെ സെന്‍റര്‍ ബാക്ക് ജിയോര്‍ജിയോ ചീല്ലിനിയാണ് മികച്ച പ്രതിരോധ താരം. ഇന്‍ററിനെ സീരി എ കിരീടത്തിലേക്ക് നയിച്ച ജോസ് മൌറീഞ്ഞോയാണ് മികച്ച പരിശീലകനുള്ള ബഹുമതി നേടിയത്.