വാലറ്റം വിജയം പിടിച്ചു

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2007 (10:00 IST)
FILEFILE

മുന്‍ നിരക്കാര്‍ പരാജയപ്പെട്ടിടത്ത് ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സിന്‍റെ നട്ടെല്ലൊടിച്ച മുരളീ കാര്‍ത്തിക്ക് തന്നെ വേണ്ടി വന്നു ഇന്ത്യ വിജയത്തിലേക്കു നയിക്കാനും. വാലറ്റത്ത് സഹീര്‍ ഖാനുമായി മികച്ച പോരാട്ടം നടത്തി മുരളി ഇന്ത്യയ്ക്ക് വിജയം നല്‍കിയ ശേഷമാണ് മടങ്ങിയത്. ഫ്യൂച്ചര്‍ കപ്പ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തിയ ഇന്ത്യ പരമ്പര 4-2 നു അവസാനിപ്പിച്ചു.

ആദ്യം ബാറ്റു ചെയ്‌‌ത ഓസ്ട്രേലിയയെ 193 നു പുറത്താക്കാനായെങ്കിലും എട്ടു വിക്കറ്റ് ബലി കഴിച്ചാണ് ഇന്ത്യ ഓസീസിന്‍റെ ദുര്‍ബ്ബലമായ സ്‌കോര്‍ മറി കടന്നത്. നേരത്തെ ബൌളിംഗില്‍ ആറു വിക്കറ്റ് നേടിയ കാര്‍ത്തിക്ക് ബാറ്റിംഗില്‍ 21 റണ്‍സുമായി വിജയത്തിലേക്ക് ടീമിനെ കൈ പിടിച്ചു കൊണ്ടു പോയി. ഒപ്പം നിന്ന സഹീര്‍ ഖാന്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. വാലറ്റത്ത് ഇരുവരും ചേര്‍ത്ത 52 റണ്‍സ് കൂട്ടുകെട്ടാണ് വിജയം നല്‍കിയത്.

ബാ‍റ്റു ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട പിച്ചില്‍ ഓസീസിന്‍റെ കരുത്തുറ്റ ഫീല്‍ഡിംഗും മികച്ച ബൌളിംഗും കൂടി ചേര്‍ന്നപ്പോള്‍ 20 ഓവറുകളില്‍ ഇന്ത്യ 65 റണ്‍സിന് ആറ് എന്ന ഘട്ടത്തിലായി. എന്നാല്‍ ഈ ഘട്ടത്തില്‍ നിന്നും റോബിന്‍ ഉത്തപ്പ ഹര്‍ഭജനുമായി ചേര്‍ന്ന് നല്‍കിയ അടിത്തറ സഹീര്‍- കാര്‍ത്തിക്ക് സഖ്യം മുതലാക്കുകയായിരുന്നു. ഉത്തപ്പ 47 റണ്‍സ് എടുത്തു. മുന്‍ നിരക്കാരില്‍ റോബിന്‍ ഒഴിച്ചാല്‍ 21 റണ്‍സ് എടുത്ത സച്ചിന്‍ മാത്രമാണ് നിര്‍ണ്ണായക സംഭാവന നല്‍കിയത്.

തുടക്കത്തിലേ ഓപ്പണര്‍ ഗാംഗുലിയെ നഷ്ടമായ ഇന്ത്യയ്‌ക്ക് തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിനെയും നഷ്ടമായി. രണ്ടു പേരുടേയും സമ്പാദ്യം പൂജ്യമായിരുന്നു. രണ്ടു പേരെയും ജോണ്‍സണ്‍ പുറത്താക്കി. രണ്ടു പേരും എത്തിയത് ഗില്‍ ക്രിസ്റ്റിന്‍റെ കയ്യില്‍. 21 റണ്‍സ് എടുത്ത സച്ചിനെ ലീ ക്ലീന്‍ ബൌള്‍ ചെയ്യുക കൂടിയായപ്പോള്‍ ഇന്ത്യ പരുങ്ങി.

15 റണ്‍സ് എടുത്ത യുവരാജിനെയും അഞ്ച് റണ്‍സ് എടുത്ത നായകന്‍ ധോനിയേയും പുറത്താക്കിയത് നതന്‍ ബ്രാക്കനായിരുന്നു ഇത്തവണയും ക്യാച്ച് ഗില്‍ക്രിസ്റ്റ് തന്നെ എടുത്തു. ഇര്‍ഫാന്‍ പത്താന്‍റെ വിധിയും ഗാംഗുലി കാര്‍ത്തിക്കിന്‍റേതിനു സമമായിരുന്നു. ഹോപ്‌സിന്‍റെ പന്തില്‍ പൂജ്യത്തിനു ക്ലാര്‍ക്ക് പിടിച്ചു.

വാലറ്റത്തു റോബിന്‍ ഉത്തപ്പ ക്ലാര്‍ക്കിനു മുന്നില്‍ എല്‍ ബി ഡബ്ല്യൂ ആയി. 17 റണ്‍സ് എടുത്ത ഹര്‍ഭജന്‍ ജോണ്‍സന്‍റെ പന്തില്‍ പോണ്ടിംഗിന്‍റെ കയ്യില്‍ അകപ്പെടുകയായിരുന്നു. നേരത്തേ ടോസ് നേടി ആദ്യം ബാറ്റു ചെയ്‌‌ത ഓസീസിനെ ഇന്ത്യ ബൌളര്‍മാരുടെ മികവില്‍ 193 റണ്‍സിനു പുറത്താക്കിയിരുന്നു. നായകന്‍ പോണ്ടിംഗ്(57) കണ്ടെത്തിയ അര്‍ദ്ധ ശതകവും വാലറ്റത്ത് ജോണ്‍സണ്‍ കണ്ടെത്തിയ 24 റണ്‍സുമായിരുന്നു ഓസീസിന്‍റെ കരുത്ത്.

കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയിലൂടെ സ്പിന്നര്‍ മുരളീ കാര്‍ത്തിക്ക് ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സിന്‍റെ നടുവും വാലും തകര്‍ത്തു. ആറു വിക്കറ്റുകളാണ് കാര്‍ത്തിക്ക് നേടിയത്. ദേശീയ ടീമിനായി കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത മുരളി നല്‍കിയത് 27 റണ്‍സായിരുന്നു മൂന്ന് മെയ്‌ഡന്‍ ഓവറുകളും അദ്ദേഹം എറിഞ്ഞു.

സ്കോര്‍ബോര്‍ഡ്