മക്‍ഗുല്ലത്തിനു മുന്നില്‍ ബംഗ്ലാദേശ് വീണു

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (18:00 IST)
P.S. AbhayanFILE

ന്യൂസിലാന്‍റിന്‍റെ ബ്രെന്‍ഡോണ്‍ മക്ഗുല്ലത്തിന്‍റെ ബാറ്റിംഗ് ചൂടില്‍ ബംഗ്ലാദേശ് ചെറുചലനം പോലും ഉണ്ടാക്കാനാവാതെ കരിഞ്ഞു പോയി. 28 ബോളില്‍ നിന്ന് 80 റണ്‍സ് അടിച്ചു കൂട്ടിയ മക്ഗുല്ലത്തിന്‍റെ ബാറ്റിംഗ് മികവില്‍ ന്യൂസിലാന്‍റ് 10 വിക്കറ്റിന് ബംഗ്ലാദേശിനെ മൂന്നാം എകദിനത്തില്‍ തോല്‍പ്പിച്ചു. വെറും 19 ബോളില്‍ നിന്നാണ് മക്ഗുല്ലം അര്‍ദ്ധസെഞ്ച്വറി നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 37.5 ഓവറില്‍ വെറും 93 റണ്‍സിന് ഓള്‍ ഔട്ടായി. വെറും ഏഴു റണ്‍സ് വിട്ടു കൊടുത്ത് 5 വിക്കറ്റുകള്‍ കൊയ്ത നായകന്‍ ഡാനിയല്‍ വെറ്റോറിയാണ് ബംഗ്ലാദേശിനെ അരിഞ്ഞു വീഴ്ത്തിയത്. 25 റണ്‍സ് നേടിയ അഷ്‌റഫുളാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് ബാറ്റിംഗിങ്ങിനിറങ്ങിയ ന്യൂസിലാന്‍റ് ഓപ്പണര്‍മാര്‍ ഹൌവും(7) മക്ഗുല്ലവും വെറും 6.0 ഓവറില്‍ 95 റണ്‍സ് നേടി കളി അവസാനിപ്പിച്ചു. 2 ഓവര്‍ എറിഞ്ഞ ഷഹാദത്തിന് മക്ഗുല്ലത്തിന്‍റെ കൈയ്യില്‍ നിന്ന് കണക്കിന് അടി കിട്ടി. 2 ഓവറില്‍ ഷഹാദത്ത് 38 റണ്‍സാണ് വിട്ടു കൊടുത്തത്. ടോസ് നേടിയ ന്യൂസിലാന്‍റ് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

മൂന്നാം എകദിനത്തിലെ മികച്ച പ്രകടനത്തോടെ വെറ്റോറി ഈ കലണ്ടര്‍ വര്‍ഷം 43 ഏകദിന വിക്കറ്റുകള്‍ നേടി. ഇന്ത്യയുടെ സഹീര്‍ഖാന്‍ 40 വിക്കറ്റുകള്‍ ഈ കലണ്ടര്‍ വര്‍ഷം നേടിയിട്ടുണ്ട്.