ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2007 (11:40 IST)
PTIPTI
ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനു ആതിഥേയരുടെ മികവ് മറികടക്കാന്‍ ഏകദിനത്തിലും കഴിഞ്ഞില്ല. ആദ്യ ഏകദിനത്തില്‍ അവസാനം വരെ പിടി മുറുക്കിയ ന്യൂസിലന്‍ഡില്‍ നിന്നും രണ്ടു വിക്കറ്റിന് ദക്ഷിണാഫ്രിക്ക വിജയം തട്ടിപ്പറിച്ചു.

ന്യൂസിലാന്‍ഡിന്‍റെ ആറു വിക്കറ്റ് നഷ്ടത്തില്‍ 248 എന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് എടുത്ത് മറികടന്നു. ബൌളിംഗിലെ മികവ് വാലറ്റത്തെ ബാറ്റിംഗിലും കണ്ടെത്തിയ ആന്ദ്രേ നെല്ലാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയമൊരുക്കിയത്.

ബൌളിംഗില്‍ 46 റണ്‍സിനു കിവീസിന്‍റെ മൂന്നു വിക്കറ്റ് പിഴുത നെല്‍ അവസാന ഓവറില്‍ അഞ്ചു പന്തില്‍ 10 റണ്‍സ് എടുത്തതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് തുണയായത്. ദക്ഷിണാഫ്രിക്കയുടെ ഡിവിലിയേഴ്സ് 87 റണ്‍സുമായി വിജയത്തിനു ചുക്കാന്‍ പിടിച്ചു. ഡുമിനി (46), നായകന്‍ സ്മിത്ത് (44), ബൌച്ചര്‍ (35) എന്നിവരും മികച്ച സംഭാവനകള്‍ നടത്തി.

ആദ്യം ബാറ്റു ചെയ്ത കിവീസിന്‍റെ പോരാട്ടം 90 റണ്‍സ് നേടിയ ഹൌ, മക് കുലം (40), സ്റ്റൈറിസ് (40), സിങ്ക്ലയര്‍ (36) എന്നിവര്‍ ചേര്‍ന്നാണ് നയിച്ചത്. നെല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മോര്‍ക്കലും ബോതയും ഓരോ വിക്കറ്റുകള്‍ പിഴുതു. പരാജയപ്പെട്ടെങ്കിലും അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ മില്‍‌സിന്‍റെ മികവ് ശ്രദ്ധേയമായി.