Rohit Sharma: രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹം; അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തും

രേണുക വേണു

ശനി, 28 ഡിസം‌ബര്‍ 2024 (09:45 IST)
Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന താരം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കു ശേഷമായിരിക്കും വിരമിക്കുകയെന്നും ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇപ്പോള്‍ മെല്‍ബണില്‍ ഉണ്ട്. രോഹിത് ശര്‍മയുമായി അഗാര്‍ക്കര്‍ സംസാരിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഹിത്തിന്റെ ടെസ്റ്റ് ഭാവിയെ കുറിച്ചായിരിക്കും അഗാര്‍ക്കര്‍ സംസാരിക്കുകയെന്നും പിടിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 
 
മെല്‍ബണ്‍ ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിനു പുറത്തായി. ഇതിനു പിന്നാലെയാണ് രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹം ശക്തമായത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ആറാമനായി ഇറങ്ങി നിരാശപ്പെടുത്തിയ രോഹിത്തിനു ഇത്തവണ തന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങ്ങില്‍ എത്തിയിട്ടും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 3, 6, 10, 3 എന്നിങ്ങനെയാണ് ഓസ്ട്രേലിയന്‍ പരമ്പരയിലെ രോഹിത്തിന്റെ പ്രകടനങ്ങള്‍. അതായത് ബാറ്റിങ് ശരാശരി വെറും 5.5 മാത്രം ! രോഹിത്തിന്റെ അവസാന 15 ടെസ്റ്റ് ഇന്നിങ്സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍