അവസാന ടെസ്റ്റ് സമനിലയിലേക്ക്

Webdunia
ഞായര്‍, 27 ജനുവരി 2008 (16:40 IST)
WDFILE
റണ്‍സ് ദേവത ഇരു ടീമുകളെയും കടാക്ഷിച്ച അഡ്‌ലെയ്ഡ് ടെസ്റ്റ് സമനിലയിലേക്ക്. ഓസ്ട്രേലിയഒന്നാമിന്നിങ്ങ്‌സില്‍ ലീഡ് നേടി.ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ നായകന്‍ റിക്കി പോണ്ടിങ്ങ് ഭാവി നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തില്‍ ഒന്നാമിന്നിങ്ങ്‌സില്‍ 563 റണ്‍സെടുത്ത് ഓസീസ് ഓള്‍ ഔട്ടാകുകയായിരുന്നു.

രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസീസ് ലീഡ് മറികടന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത.സ്‌റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തിട്ടുണ്ട്.പതിവ് ശൈലിയില്‍ ആക്രമിച്ചു കളിക്കുന്ന വിരേന്ദ്ര സെവാഗും(31) രാഹുല്‍ ദ്രാവിഡു(11)മാണ് ക്രീസില്‍.

മുന്നു വിക്കറ്റിന് 322 റണ്‍സെന്ന് നിലയില്‍ നാലാം ദിവസം കളി ആരംഭിച്ച് ഓസ്ട്രേലിയ തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 79 റണ്‍സെടുത്ത് ബാറ്റ് ചെയ്യുകയായിരുന്ന പോണ്ടിങ്ങും 37 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന് മൈക്കല്‍ ക്ലാര്‍ക്കും ഇന്ത്യന്‍ ബൌളിങ്ങിനെ കടന്നാക്രമിച്ചു. തലങ്ങും വിലങ്ങും ആഞ്ഞടിച്ച ഇരുവരും സെഞ്ച്വറി തികയ്ക്കുക്കയും ചെയ്തു.

ഒടുവില്‍ ഓസീസ് സ്കോര്‍ 451ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.താനൊരു പാര്‍ട്ട് ടൈം ബൌളര്‍ മാത്രമല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന വിരേന്ദ്ര സെവാഗ് പോണ്ടിങ്ങിനെ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു.പുറത്താകുന്നതിന് മുന്‍പ് പോണ്ടിങ്ങ് 140 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിരുന്നു.

പോണ്ടിങ്ങ് പുറത്തായി അധികം വൈകാതെ തന്നെ ക്ലാര്‍ക്കും മടങ്ങി. 118 റണ്‍സെടുത്ത ക്ലാര്‍ക്കിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ലക്ഷ്മണ്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.തന്‍റെ അവസാന ടെസ്റ്റ് കളിക്കുന്ന ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ് 14 റണ്‍സ് മാത്രം നേടി പുറത്തായി. ഇര്‍ഫാന്‍ പത്താന്‍റെ പന്തില്‍ സെവാഗിന് ക്യാച്ച നല്‍കിയാണ് ഗില്ലി മടങ്ങിയത്.പിന്നാലെയെത്തിയ ബ്രെറ്റ് ലീ, മിച്ചല്‍ ജോണ്‍സന്‍,സ്റ്റുവേര്‍ട്ട് ക്ലാര്‍ക്ക് എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ബ്രാഡ് ഹോഗ് 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ബ്രെറ്റ് ലീയുടെ വിക്കറ്റ് വീഴ്ത്തിയ പത്താന്‍ തന്‍റെ ടെസ്റ്റ് കരിയറിലെ നൂറാം വിക്കറ്റ് തികച്ചു.കീപ്പര്‍ ധോനി പിടിച്ചാണ് ലീ പുറത്തായത്.ഇന്ത്യന്‍ ബൌളിങ്ങ് നിരയില്‍ പത്താന്‍, ശര്‍മ്മ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സെവാഗ് രണ്ടും കുംബ്ലയും ഹര്‍ഭജനും ഓരോ വിക്കറ്റും വീഴ്ത്തി.

ഒന്നാം ഇന്നിങ്ങ്‌സിലെ ഓപ്പണര്‍മാരുമായി തന്നെ രണ്ടാം ഇന്നിങ്ങ്‌സും തുടങ്ങിയ ഇന്ത്യക്ക് ഒന്നാം ഇന്നിങ്ങ്‌സിലേതിന് സമാനമായ തിരിച്ചടി നേരിടേണ്ടി വന്നു. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഇര്‍ഫാന്‍ പത്താനെ ഇന്ത്യക്ക് നഷ്ടമായി.റണ്ണൊന്നുമെടുക്കാതെ നിന്ന ഇര്‍ഫാന്‍ പത്താനെ മിച്ചല്‍ ജോണ്‍സന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.