പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായതോടെ പല ആള്‍ദൈവങ്ങളും കപട സന്യാസിയാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രാജസ്ഥാനിലെ പ്രശസ്തനായ ആള്‍ദൈവം ആശ്രമത്തില്‍ വച്ച് 21 കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരിക്കുകയാണ്. ആള്‍ദൈവം ഫലഹരി ബാബയാണ് അറസ്റ്റിലായത്.
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അല്‍വാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ബാബയെ ശനിയാഴ്ച ഉച്ചയ്ക്കാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് രക്ത സമ്മര്‍ദ്ദം പരിശോധിച്ച് കുറഞ്ഞെന്ന് ബോധ്യപ്പെട്ട ശേഷമായിരുന്നു അറസ്റ്റ്.
ബാബ ആശ്രമത്തില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഈ അറസ്റ്റ്. ആഗസ്റ്റ് ഏഴിനായിരുന്നു സംഭവമെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് ആശുപത്രി വാസമെന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.