ഹര്‍ജി തള്ളി; വധശിക്ഷയില്‍ മാറ്റമില്ല; മേമന് തൂക്കുകയര്‍

Webdunia
ബുധന്‍, 29 ജൂലൈ 2015 (15:56 IST)
യാക്കൂബ് മേമന് വധശിക്ഷ. മേമന്റെ വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ഈ സാഹചര്യത്തില്‍ നാളെ രാവിലെ ഏഴുമണിക്ക് യാക്കൂബിനെ തൂക്കിലേറ്റുന്നതിന് കുഴപ്പമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
 
അതേസമയം, യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയ വിധി മൂന്നംഗ ബെഞ്ച് ശരിവെച്ചു. മേമന്റെ തിരുത്തല്‍ ഹര്‍ജി വീണ്ടും പരിഗണിക്കില്ല. നടപടിക്രമങ്ങളില്‍ പാളിച്ചയില്ലെന്ന് കോടതി വിലയിരുത്തി. മേമന്റെ ഹര്‍ജിയിലും പരിഗണിച്ച രീതികളിലും തെറ്റില്ലെന്ന് കോടതി വിലയിരുത്തി.
 
വധശിക്ഷയ്ക്കെതിരായ ഹര്‍ജിയിലാണ് വിധി പറയുന്നത്. വിധിപ്രസ്താവം തുടരുകയാണ്.
 
മുംബൈ സ്ഫോടന കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത്, അമിതാഭ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
 
ഈ മാസം 21ന് യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി കൈകാര്യം ചെയ്തതില്‍ പാളിച്ചയില്ലെന്ന് കോടതി നിരീക്ഷിച്ചു. തിരുത്തല്‍ ഹര്‍ജി പരിഗണിച്ചതില്‍ പാളിച്ചയുണ്ട് എന്ന് കാണിച്ച് യാക്കൂബ് മേമന്‍ ഹര്‍ജി നല്കിയിരുന്നു. അതേസമയം, നടപടി ക്രമങ്ങളില്‍ വീഴ്ചയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
 
വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മേമന്റെ ഹര്‍ജി പരിഗണിച്ചത് ജസ്‌റ്റിസുമാരായ അനില്‍ ആര്‍ ദവൈ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബഞ്ചിലാണ് അഭിപ്രായ ഭിന്നതയുണ്ടായത്. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കിയപ്പോള്‍ ഹര്‍ജിലെ വാദങ്ങള്‍ അപ്രസക്തമാണെന്നും വധശിക്ഷ നടപ്പാക്കണമെന്നുമായിരുന്നു അനില്‍ ആര്‍ ദവൈ പറഞ്ഞത്. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
 
അതേസമയം, വധശിക്ഷക്ക് വിധിക്കപ്പെട്ടതിനെതിരെ യാക്കൂബ് മേമന്‍ വീണ്ടും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. ജൂലൈ 30ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മേമന്‍ വീണ്ടും ദയാഹരജി സമര്‍പ്പിച്ചത്. നേരത്തെ മേമന്റെ സഹോദരന്‍ നല്‍കിയ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയിരുന്നു. ഇതിനിടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ദയാഹര്‍ജി മഹാരാഷ്‌ട്ര ഗവര്‍ണര്‍ തള്ളി.
 
1993ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലായിരുന്നു അന്ന് സ്ഫോടനമുണ്ടായത്.