‘ലിഫ്‌റ്റ് ചോദിച്ച് കാറില്‍ കയറും, ഫോണ്‍ നമ്പര്‍ നല്‍കി വീട്ടിലേക്ക് ക്ഷണിക്കും’; ഹണി ട്രാപ്പില്‍ കുടുങ്ങിയത് നിരവധി പേര്‍ - അന്വേഷണം ശക്തമാക്കി പൊലീസ്

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (09:13 IST)
പൂനെ ബാംഗ്ലൂർ ഹൈവേയിൽ ഹണി ട്രാപ്പ് ഇടപാട് ശക്തമായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. പൂനെ ബാംഗ്ഗൂർ ഹൈവേയിലെ കോലാപൂര്‍ കേന്ദ്രമാക്കിയാണ് പുരുഷന്മാരെ കെണിയിൽ പെടുത്തുന്ന സംഘങ്ങളുടെ ആക്രമണം ശക്തമായത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഹൈവേയിൽ നിരവധി പേര്‍ ഹണി ട്രാപ്പ് സംഘത്തിന്റെ ഇരകളായി. പലര്‍ക്കും ലക്ഷങ്ങളാണ് നഷ്‌ടമായത്. സ്‌ത്രീകളെ ഉപയോഗിച്ച് നടത്തുന്ന ഇടപാടിനു പിന്നില്‍ വന്‍ സംഘമാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

അടുത്തിടെ ലഭിച്ച 10 കേസുകൾ തോന്നിയ ചില സംശയമാണ് ഹണി ട്രാപ്പ് സംഘത്തിലേക്ക് അന്വേഷണം എത്തിച്ചത്. കാറിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന പുരുഷന്മാരെ ഉന്നം വെച്ചാണ് ആക്രമണം നടക്കുന്നത്. ആഡംബര വാഹനങ്ങളില്‍ എത്തുന്നവരെയാണ് സംഘം കൂടുതലായി ലക്ഷ്യം വയ്‌ക്കുന്നത്.

കാറിനു കൈ കാട്ടി ലിഫ്‌റ്റ് ആവശ്യപ്പെടുന്ന യുവതികള്‍ യാത്രയ്ക്കിടെ സൗഹൃദം സ്ഥാപിച്ച് ഫോൺ നമ്പര്‍ കൈമാറും. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയാൽ വീട്ടിലേക്ക് ക്ഷണിക്കും. തുടര്‍ന്ന് ഇവര്‍ക്കൊപ്പം ചെല്ലുന്ന പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്‌തുക്കളും സംഘം സ്വന്തമാക്കും.

ഇവരില്‍ നിന്നും രക്ഷപ്പെട്ട് പോയവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article