ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ജനുവരി 2025 (19:04 IST)
gurumoorthy
തെലങ്കാനയിലെ ഹൈദരാബാദില്‍ മുന്‍ സൈനികന്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച് ഭാഗങ്ങള്‍ പ്രഷര്‍ കുക്കറില്‍ തിളപ്പിച്ച് തടാകത്തില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഭര്‍ത്താവ് ഗുരുമൂര്‍ത്തിയും ഇവരോടൊപ്പം പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ പോയിരുന്നു. 
 
പ്രകാശം ജില്ല സ്വദേശിയും മുന്‍ സൈനികനുമായ ഗുരുമൂര്‍ത്തി കാഞ്ചന്‍ബാഗില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അദ്ദേഹവും ഭാര്യ മാധവിയും രണ്ട് കുട്ടികളുമായി ഹൈദരാബാദിലെ ജില്ലെലഗുഡയിലാണ് താമസിച്ചിരുന്നത്. സംശയത്തിന്റെ പേരില്‍ ഗുരുമൂര്‍ത്തി ഭാര്യയെ കൊലപ്പെടുത്തുകയും മൃതദേഹം ഛിന്നഭിന്നമാക്കുകയും പ്രഷര്‍ കുക്കറില്‍ പാകം ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. 
 
എന്നാല്‍ നന്ദ്യാലിലെ സ്വന്തം നാട്ടിലേക്ക് പോകാന്‍ ഭാര്യ ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഗുരുമൂര്‍ത്തി പറഞ്ഞതായി പോലീസ് പറഞ്ഞു.  എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍