രേവതിയുടെ മരണം; അറസ്റ്റ് ഒഴിവാക്കണം, തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്ന് അല്ലു അർജുൻ കോടതിയിൽ

നിഹാരിക കെ എസ്

വ്യാഴം, 12 ഡിസം‌ബര്‍ 2024 (11:28 IST)
പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ അല്ലു അർജുൻ കോടതിയിൽ. എഫ്.ഐ.ആറ് റദ്ദാക്കണമെന്നാണ് നടൻ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്. ഹർജി തീർപ്പാക്കുന്നത് വരെ തനിക്കെതിരെയുള്ള അറസ്റ്റ് അടക്കമുള്ള നടപടികൾ നിർത്തിവെയ്ക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
 
അതേസമയം, ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്ന​ഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ മൂത്തമകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചിരുന്നു.
 
കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി. സന്ധ്യ തിയറ്ററിൽ രാത്രി 11 മണിക്കാണ് പ്രീമിയർ ഷോ ഒരുക്കിയത്. തിയറ്ററിന് മുന്നിൽ മണിക്കൂറുകൾക്ക് മുൻപ് തന്നെ നൂറു കണക്കിന് ആരാധകർ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അർജുൻ കുടുംബ സമേതം സിനിമ കാണാൻ എത്തി. അല്ലുവിനൊപ്പം ഭാര്യ സ്നേഹയും നടി രശ്‌മിക മന്ദാനയും ഉണ്ടായിരുന്നു. 
 
താരത്തെ കണ്ടതോടെ ആരാധകർ തിയറ്ററിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടയിൽ നിന്നും മകൻ ശ്രീതേജിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് രേവതി വീണത്. ആളുകൾ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേർ വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍