ബസ്സുകൾ കത്തിയമരുന്ന നാട്ടിൽ ആര് നിക്ഷേപം നടത്തും: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനെതിരെ ജഗ്ഗി വാസുദേവ്

Webdunia
വ്യാഴം, 23 ജനുവരി 2020 (15:55 IST)
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന അതിരുവിട്ട പ്രതിഷേധങ്ങൾ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജഗ്ഗി വാസുദേവ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക സമിതി സമ്മേളനത്തിനിടെ  സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇത്തരം ആക്രമണങ്ങൾ വിദേശരാജ്യങ്ങളുടെ മുൻപിൽ ഇന്ത്യയുടെ വിലയില്ലാതാക്കുമെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
 
നഗരത്തില്‍ ബസുകള്‍ കത്തിയമരുന്ന ഒരു രാജ്യത്ത് നിക്ഷേപത്തിന് ആരാണ് തയ്യാറാവുകയെന്ന് ജഗ്ഗി വാസുദേവ് ചോദിച്ചു. ഇന്ത്യയുടെ മുന്നിലുള്ള അനന്തമായ സാധ്യതകളെ പറ്റി ദാവോസിൽ പങ്കെടുത്തവർ ആവേശഭരിതരാണെന്നും അതേ സമയം രാജ്യത്തെ പ്രക്ഷോഭങ്ങൾ നിയന്ത്രണവിധേയമാണോയെന്ന് അറിയണമെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
 
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ജഗ്ഗി വാസുദേവ് പുതിയ നിയമഭേദഗതിയിൽ ആരുടേയും പൗരത്വം നഷ്ടപ്പെടില്ലെന്ന് സർക്കാർ അറിയിച്ച വിവരത്തേയും സൂചിപ്പിച്ചു. അയല്‍ രാജ്യങ്ങളില്‍ കൊടിയ പീഢനങ്ങള്‍ അനുഭവിച്ച ജനവിഭാഗത്തെ സംരക്ഷിക്കാനാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കേന്ദ്രം വ്യക്തമാക്കിയതാണെന്നും അല്ലാതെ മുസ്ലീങ്ങൾ ഒഴികെ ഹിന്ദുക്കളടക്കമുള്ള ആറ് ന്യൂനപക്ഷ വിഭാഗത്തിന് മാത്രം പൗരത്വം നല്‍കുന്നതല്ല പൗരത്വഭേദഗതി നിയമമെന്നും ജഗ്ഗി വാസുദേവ് വിശദമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article