ഇന്ത്യയിൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്ബോൾ ക്ലബുകളാണ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും. രണ്ട് ക്ലബുകൾക്കും ബംഗാളിന്റെ ചരിത്രത്തിൽ നിർണായകസ്ഥാനമാണുള്ളത്. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കാണികൾ ഒത്തുചേരുന്ന കൊൽക്കത്ത ഡെർബി മത്സരത്തിനിടെ കൂറ്റൻ ബാനറുകളാണ് സ്റ്റേഡിയത്തിൽ ഉയർന്നത്. രക്തം കൊടുത്ത് വാങ്ങിയ മണ്ണാണിത് അല്ലാതെ രേഖകൾ നൽകിയല്ല എന്നായിരുന്നു ബാനറുകളിൽ ഉയർന്ന ഒരു വാക്ക്. മറ്റൊന്നിൽ ബംഗാളിൽ എവിടെ നിന്റെ എൻ ആർ സി എന്നതിന് ഗോ എവേ എന്ന മറുപടിയും.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഈ സംഭവവും. നേരത്തെ ഇന്ത്യാ ഓസ്ട്രേലിയ ഏകദിന പരമ്പരയിലും ഗാലറിയിൽ പൗരത്വഭൃദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കിടെ സ്റ്റേഡിയങ്ങളിലേക്ക് ബാനറുകളും മറ്റും കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.