കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയിൽ തള്ളുമെന്നും ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ പോലെ പെരുമാറുന്നെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. കൂടാതെ ഭരണ പ്രതിപക്ഷകക്ഷികൾ ഒന്നിച്ച സംയുക്ത സമരത്തിന്റെ കടയ്‌ക്കൽ കത്തിവെക്കുന്ന സമീപനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തന്നോട് അനുമതി വാങ്ങാതെ പൗരത്വഭെദഗതി നിയമത്തിനെതിരായി സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ സമീപിച്ച നടപടിയാണ് ഗവർണറെ ചൊടിപ്പിച്ചത്.മുഖ്യമന്ത്രിയും താനുമടക്കം ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ന്നോട് ആലോചിക്കാതെ കേന്ദ്രനിയമത്തിനെിതരെ സുപ്രീം കോടതിയില്‍ പോയ നടപടിയിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നുമാണ് വിഷയത്തിൽ ഗവർണറുടെ നിലപാട്.
എന്നാൽ ഇതിനകം മുഖ്യമന്ത്രിയും സീതാറാം യെച്ചൂരിയടക്കമുള്ള മറ്റ് സിപിഎം നേതാക്കളും ഗവർണറെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെ അദ്ദേഹം സംസാരിക്കുന്നുവെന്നാണ് എല്ലാവരുടെയും പൊതുവായുള്ള പരാതി. പക്ഷേ ഇതുവരെയും മുഖ്യമന്ത്രിയോ മന്ത്രിമാരൊ കടുത്ത ഭാഷയിൽ ഗവർണറുടെ നടപടിയെ എതിർത്ത് രംഗത്തെത്തിയിട്ടില്ല.