‘നിന്നെ ഞാൻ കഴുത്തറുത്ത് കൊല്ലാൻ പോവുകയാണ് ‘- കഴുത്തുമുറിക്കുന്നതിനു മുന്നേ പ്രശോഭ് സിനിയോട് പറഞ്ഞു, ചങ്ങനാശേരിയിൽ സംഭവിച്ചതിങ്ങനെ

ചിപ്പി പീലിപ്പോസ്
വ്യാഴം, 23 ജനുവരി 2020 (15:37 IST)
ചങ്ങനാശേരിയിൽ പട്ടാപ്പകൽ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പിണങ്ങി പിരിഞ്ഞുനിന്ന ഭാര്യയെ നടുറോഡില്‍ വെച്ച് കൊലപ്പെടുത്തുകയാണെന്ന് ആക്രോശിച്ച ശേഷമാണ് ഭർത്താവ് ഈ കടുംകൈ ചെയ്തത്. 
 
തൃക്കൊടിത്താനം കടമാഞ്ചിറയില്‍ പൊട്ടശേരി പനംപാതിക്കല്‍ സിനി(35)യ്ക്കു നേരെയാണു വധശ്രമമുണ്ടായത്. കൊലപാതകശ്രമത്തിനു ശേഷം ഓടി രക്ഷപ്പെട്ട തൃക്കൊടിത്താനം പുളിക്കാശേരി പ്രശോഭി(35)നെയാണ് പൊലീസ് പിടികൂടിയത്. യുവതി അപകടനില തരണം ചെയ്തു. 
 
മദ്യപിച്ചെത്തി വഴക്കിടുന്നത് പ്രശോഭിന്റെ സ്ഥിരം പണിയായിരുന്നു. സഹികെട്ടാണ് സിനി മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. കഴിഞ്ഞ ദിവസം രാവിലെ സിനിയെ കണ്ട പ്രശോഭ് അവരോട് സംസാരിക്കുകയും ശേഷം കഴുത്തറുത്ത് കൊല്ലാന്‍ പോകുകയാണെന്ന് യുവതിയോട് പറയുകയുമായിരുന്നു. 
 
എന്നാൽ, തമാശയാണെന്ന് കരുതി യുവതി പ്രശോഭിന്റെ വാക്കുകള്‍ തള്ളുകയായിരുന്നു. ഇതോടെ പ്രശോഭ് നൊടിയിടയിൽ കൈയ്യിൽ കരുതിയിരുന്ന ബ്ലെയ്ഡ് എടുത്ത് സിനിയുടെ കഴുത്തുമുറിക്കുകയായിരുന്നു. അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കഴുത്തുമുറിഞ്ഞ് ചോരയില്‍ പിടയുകയായിരുന്നു സിനി. ഇതിനിടെ പ്രതി രക്ഷപ്പെട്ടിരുന്നു. രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article