പൗരത്വഭേദഗതിനിയമം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2020 (14:45 IST)
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി  അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കുമെന്ന് സൂചന. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
 
ഹർജികളിൽ കേന്ദ്രസർക്കാറിന് മറുപടി നൽകാനായി നാലാഴ്ച്ചത്തെ സമയമാണ് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്. ഇത് കൂടി ലഭിച്ച ശേഷമായിരിക്കും ഭരണഘടനാ ബെഞ്ചിന് കൈമാറുന്നത്. ഭരണഘടനാ ബെഞ്ചിൽ ആരെല്ലാം അംഗങ്ങളാകുമെന്ന വിവരം ചീഫ് ജസ്റ്റിസ് ഉത്തരവിടും.
 
നിലവിൽ ശബരിമല,ജമ്മു കാശ്മീർ വിഷയങ്ങൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ ഉള്ളത്‌ക്കൊണ്ട് പൗരത്വനിയമ ഭേദഗതി കേസ് നീണ്ട് പോകുമെന്ന് അഭിഭാഷകര്‍ ഇന്ന് ചൂണ്ടിക്കാട്ടി. എന്നാൽ വിഷയം അതീവപ്രാധാന്യമുള്ളതും ഗൗരവകരാമാണെന്നും ചൂണ്ടികാട്ടി മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടു. ഇക്കാര്യവും ചീഫ് ജസ്റ്റിസ് പരിഗണനയിലെടുക്കും.
 
പൗരത്വനിയമഭേദഗതിയിൽ സ്റ്റേ ഇല്ലെന്നും അസം,മണിപ്പൂർ വിഷയങ്ങൾ രാജ്യത്തെ മറ്റ് പരാതികളിൽ നിന്നും വ്യത്യസ്തമാണെന്നും അവ പ്രത്യേകമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍