‘രാത്രി വീടുകളിൽ കയറി ആൺകുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു, സൈന്യത്തിന്റെ കല്ലേറിൽ അഞ്ച് വയസുകാരിയുടെ കണ്ണിന് പരിക്ക്’- കശ്മീരിലെ ജനത ഇപ്പോൾ അനുഭവിക്കുന്നത്
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ജമ്മു കശ്മീരിന്റെ അവസ്ഥകൾ ലോകത്തെ അറിയിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷെഹ്ല റാഷിദ് കശ്മീർ പൊലീസിനും സൈന്യത്തിനും എതിരെ ഗുരുതര ആരോപണമാണ് ഉയർത്തിയിരിക്കുന്നത്.
ദ കശ്മീർ ഡയറീസ് എന്ന ഫേസ്ബുക്ക് പേജിലും സമാനമായ വിവരങ്ങൾ ഷെയർ ചെയ്യപ്പെടുന്നത്. നേരത്തേ കശ്മീരിൽ പൂർണഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് പോകാൻ സൈന്യം വാഹനം അനുവദിക്കാത്തത് ‘ദ വയർ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിലെ അവസ്ഥയെ കുറിച്ച് നിരവധിയാളുകൾ ആരോപണമുന്നയിക്കുന്നത്.
ട്വിറ്ററിലാണ് ഷെഹ്ല ആരോപണങ്ങളുമായി രംഗത്ത് വന്നത്. കശ്മീരിൽ നിന്നുളള വിവരങ്ങൾ എന്ന രീതിയിലാണ് ഷെഹ്ല ട്വീറ്റ് ചെയ്തിരിക്കുന്നത്. ശ്രീനഗറിന് അകത്തും പുറത്തെ ജില്ലകളിലേക്കുമുളള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിച്ചിരിക്കുന്നു. പ്രാദേശിക മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഗ്യസ് ഏജന്‍സികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാചക വാതകത്തിന് ക്ഷാമം നേരിടുന്നുണ്ട് ''. എന്നിങ്ങനെ രണ്ട് വിവരങ്ങളാണ് ഷെഹ്ല പങ്കുവെച്ചിരിക്കുന്നത്. കശ്മീരില്‍ നിന്നും വരുന്ന ചില ആളുകള്‍ തരുന്ന വിവരങ്ങളാണിതെന്നാണ് ഷെഹ്ല പറയുന്നത്.
സായുധ സേന രാത്രി വീടുകളില്‍ അതിക്രമിച്ച് കയറുന്നതായും ഷെഹ്ല റാഷിദ് ട്വീറ്റില്‍ ആരോപിക്കുന്നു. 'രാത്രി വീടുകളില്‍ കയറി സൈന്യം ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു. ഷോപ്പിയാനില്‍ നാല് യുവാക്കളെ സൈന്യം ക്യാംപിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയെന്ന പേരിൽ ഭേദ്യം ചെയ്തതായും ഷെഹ്ല ആരോപിക്കുന്നു. ''ആ യുവാക്കളുടെ സമീപത്തായി മൈക്ക് വെച്ചിരുന്നു. ആ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേള്‍പ്പിക്കുന്നതിനും ഭയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അത്. അത് മൂലം ആ പ്രദേശം മുഴുവന്‍ ഭീതിയിലാണ്'' എന്നും ഷെഹ്ല ആരോപിച്ചു.
അതേസമയം, അഞ്ച് വയസുകാരിയായ മുനീഫ നാസിറിനെ സി ആർ പി എഫ് ജവാൻ കല്ല് കൊണ്ട് മുഖത്തടിച്ചതിനെ തുടർന്ന് കണ്ണിനു പരുക്ക് പറ്റുകയും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്ന് ദ കശ്മീർ ഡയറീസ് എന്ന ഫേസ്ബുക്കിൽ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു. പെൺകുട്ടിയെ ചിത്രവും ഇവർ ഇതിനോട് കൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഷെഹ്ല റാഷിദിന് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഷെഹ്ലയുടെ ആരോപണം വ്യാജമാണെന്നാണ് ഇയാൾ പറയുന്നത്. സൈന്യവും ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്.