മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്നു; യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (13:47 IST)
മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. സയീദ(22) എന്ന പെണ്‍‌കുട്ടിയെ ആണ് അഞ്ച് വയസുള്ള മകൾ നോക്കി നിൽക്കെ തീകൊളുത്തി കൊന്നത്. സംഭവത്തില്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.

യുപിയിലെ ശ്രാവസ്തി ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതോടെ  യുവതി പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നും ഒഴിഞ്ഞ് പോകാനും തയ്യാറായില്ല. തര്‍ക്കം രൂക്ഷമായതോടെ ഈ മാസം 15ന് ഇരു വിഭാഗവും പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.

കേസ് രജിസ്‌റ്റര്‍ ചെയ്യാതിരുന്ന പൊലീസ് യുവതിയോട് വീട്ടില്‍ തുടരാന്‍ നിര്‍ദേശിച്ച് മടക്കി അയച്ചു. തുടര്‍ന്ന് വീട്ടില്‍ തര്‍ക്കമുണ്ടാകുകയും ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ മര്‍ദ്ദിച്ച് തീകൊളുത്തുകയുമായിരുന്നു.

യുവാവ് ഫോണിലൂടെയാണ് മുത്തലാഖ് ചൊല്ലിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article