Actor Vijay : അവങ്ക ഫാസിസംന്നാ നീങ്കളെന്ന പായസമാ... ഡിഎംകെക്കെതിരെ ആഞ്ഞടിച്ച് വിജയ്, ആദ്യ സമ്മേളനം സൂപ്പർ സക്സസ്

അഭിറാം മനോഹർ
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (10:31 IST)
തന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ തന്നെ രാഷ്ട്രീയ അങ്കത്തട്ടില്‍ വരവറിയിച്ച് സൂപ്പര്‍ താരം വിജയ്. വിക്രവണ്ടിയിലെ കൂറ്റന്‍ വേദിയില്‍ 2 ലക്ഷത്തോളം ആരാധകര്‍ക്ക് മുന്നില്‍ സ്‌ക്രീനില്‍ അവതരിച്ച വിജയുടെ മറ്റൊരു അവതാരമെന്ന പോലെയാണ് താരം കത്തിപ്പടര്‍ന്നത്. തീപ്പൊരി ഡയലോഗുകളും ഇംഗ്ലീഷും തമിഴും കലര്‍ത്തിയ പ്രസംഗവും ഒപ്പം തന്റെ പ്രശസ്തമായ കുട്ടിക്കഥകളുമായി വിജയ് വേദിയെ കയ്യിലെടുത്തതോടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം വലിയ വിജയമായി മാറി. പ്രസംഗത്തില്‍ ഉടനീളം ഡിഎംകെക്കെതിരെ ആഞ്ഞടിക്കാനും വിജയ് മറന്നില്ല.
 
അപാര ആത്മവിശ്വാസമുള്ള ശരീരഭാഷയുമായി തമിഴകത്തിന്റെ ഭാവി നേതാവാകാന്‍ തനിക്കാകുമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ആദ്യ സമ്മേളനത്തില്‍ വിജയ്ക്കായിട്ടുണ്ട്. പൊതുവെ അന്തര്‍മുഖനും മിതഭാഷിയുമായാണ് വിജയ് അറിയപ്പെടുന്നതെങ്കിലും പൊതുവേദിയില്‍ രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുന്ന വിജയെ ആണ് ഇന്നലെ കാണാനായത്. തമിഴ്നാടിനെ ഒരു കുടുംബം കൊള്ളയടിക്കുകയാണെന്നും ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ് പറ്റിക്കുകയാണെന്നും വിജയ് തുറന്നടിച്ചു. തന്തൈ പെരിയാറെയും അംബേദ്ക്കറെയും എംജിആറിനെയുമെല്ലാം ആദരവോടെ സ്മരിച്ചാണ് വിജയ് പ്രസംഗം ആരംഭിച്ചത്.
 
 ക്യാപ്റ്റന്‍ വിജയകാന്തും കമല്‍ ഹാസനുമെല്ലാം തമിഴക രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കിലും അവര്‍ക്കൊന്നും തന്നെ രാഷ്ട്രീയകളരിയില്‍ ഏറെ മുന്നോട്ട് പോകാനായിരുന്നില്ല. അതേസമയം സിനിമ കരിയറിന്റെ പീക്ക് നിങ്ങള്‍ക്കായി വേണ്ടെന്ന് വെച്ചാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നതെന്ന് വിജയ് ഓര്‍മിപ്പിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അങ്കക്കളരിയായ തമിഴകത്തില്‍ ഡിഎംകെയുടെ എതിര്‍കക്ഷിയായ അണ്ണാഡിഎംകെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്.ബിജെപിക്കോ ഇടതുപക്ഷത്തിനോ കാര്യമായ സാന്നിധ്യമില്ലാത്ത തമിഴകത്ത് ഡിഎംകെയ്‌ക്കെതിരെ ഒരു പ്രബല പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയ സാഹചര്യമാണുള്ളത്. ഇത് മുതലെടുക്കാന്‍ വിജയ്ക്ക് സാധിച്ചാല്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ വിജയ്ക്ക് സാധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article