ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

വ്യാഴം, 18 ജൂലൈ 2024 (19:58 IST)
തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഡിഎംകെ സര്‍ക്കാരില്‍ യുവജനക്ഷേമ, കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി. ഓഗസ്റ്റ് 22ന് മുന്‍പായി ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്ഥാനമേറ്റെടുക്കുമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലെ ലോകസഭാ തിരെഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. ഇതേ രീതി തന്നെയാണ് സ്റ്റാലിനും പിന്തുടരുന്നത്. സര്‍ക്കാരില്‍ ആധിപത്യം വര്‍ധിപ്പിക്കാനും 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പുതിയ മുഖമായി മാറാനും ഇതിലൂടെ ഉദയനിധിക്ക് സാധിക്കും. നേരത്തെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഈ വാര്‍ത്തകളെല്ലാം തന്നെ സ്റ്റാലിന്‍ നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ഓഗസ്റ്റ് 22ന് യുഎസിലേക്ക് പോകുന്നതിന് മുന്‍പായി ഉദയനിധി സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍