Vijay vs Jayalallitha : ടാഗ് ലൈൻ പണി തന്നു, സിനിമയുടെ റിലീസിനായി വിജയ് അന്ന് ജയലളിതയെ കാണാൻ പുറത്ത് കാത്തുനിൽക്കേണ്ടി വന്നു

അഭിറാം മനോഹർ

ശനി, 3 ഫെബ്രുവരി 2024 (11:22 IST)
തമിഴകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ് ഇളയ ദളപതി വിജയുടെ രാഷ്ട്രീയപ്രവേശം. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസമാണ് താരം രംഗത്ത് വന്നത്. രാഷ്ട്രീയ പ്രവേശനത്തിന്റെ സാഹചര്യത്തില്‍ നിലവില്‍ പൂര്‍ത്തിയാക്കുന്ന ചിത്രങ്ങള്‍ക്ക് ശേഷം മറ്റ് സിനിമകളില്‍ അഭിനയിക്കേണ്ടെന്നാണ് വിജയുടെ തീരുമാനം. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയുള്ള വാര്‍ത്തകള്‍ ഏറെ നാളായി അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ തലൈവ എന്ന സിനിമയിലായിരുന്നു വിജയുടെ രാഷ്ട്രീയ പ്രവേശം ആദ്യമായി ചര്‍ച്ചയായത്. സിനിമയ്ക്ക് നല്‍കിയ ടാഗ്ലൈനാണ് അന്ന് തമിഴകത്ത് ചര്‍ച്ചയായത്. തലൈവ ടം ടു റൂള്‍ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങാനിറങ്ങിയ സിനിമ അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിതയെ ചൊടുപ്പിച്ചു. ചിത്രത്തിന്റെ ടാഗ് ലൈന്‍ വിജയ് തമിഴ്‌നാട് ഭരിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്നും സിനിമ വേണമെങ്കില്‍ ടാഗ് ലൈനില്ലാതെ പുറത്തിറക്കാമെന്നുമായിരുന്നു അന്ന് ജയലളിത വ്യക്തമാക്കിയത്. വിജയ് ഇന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ ജയലളിതയും അണ്ണാ ഡിഎംകെയും തമിഴ് രാഷ്ട്രീയത്തില്‍ അപ്രസക്തമായ സാഹചര്യമാണുള്ളത്. എന്നാല്‍ അന്നുണ്ടായ വിവാദങ്ങള്‍ തമിഴ് ജനതയ്ക്ക് മറക്കാന്‍ പറ്റുന്നതല്ല.
 
എ എല്‍ വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തില്‍ വിജയ് ഒരു അധോലോക സാമ്രാജ്യത്തിന്റെ തലൈവനാകുന്നതും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ടൈം ടു റൂള്‍ എന്നതും തലൈവ എന്ന പേരുമെല്ലാം തലൈവി എന്നറിയപ്പെട്ടിരുന്ന അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. സിനിമയുടെ ടാഗ് ലൈന്‍ മാറ്റണമെന്നായിരുന്നു ജയലളിതയുടെ ആവശ്യം. ഇത്തരമൊരു സാഹചര്യം വന്നതോടെ സിനിമ മറ്റ് ഭാഷകളിലെല്ലാം തന്നെ റിലീസ് ചെയ്തപ്പോഴും തമിഴ്‌നാട്ടില്‍ മാത്രം സിനിമയുടെ റിലീസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യമാണ് അന്നുണ്ടായത്. സിനിമയുടെ റിലീസിന് വേണ്ടി കൊടാനാടുള്ള ജയലളിതയുടെ വിശ്രമകേന്ദ്രത്തില്‍ വിജയ്, സംവിധായകന്‍ എ എല്‍ വിജയ്, നിര്‍മാതാവ് ചന്ദ്രപ്രാകാഡ് ജെയ്ന്‍ എന്നിവര്‍ എത്തിയെങ്കിലും ജയലളിത ഏറെ നേരം ഇവരെ ഉള്ളിലേക്ക് കടത്തിവിടുകയുണ്ടായില്ല. അപമാനിതരായി വിജയ് അടക്കമുള്ളവര്‍ക്ക് അന്ന് പുറത്ത് നില്‍ക്കേണ്ടതായി വന്നു. ഇത്തരത്തില്‍ ഏറെ ബുദ്ധിമുട്ടിയായിരുന്നു സിനിമ പുറത്തിറങ്ങിയത്.
 
എന്നാല്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം സിനിമ റിലീസ് ചെയ്തപ്പോള്‍ റിലീസ് പ്രശ്‌നങ്ങളില്‍ നിന്നും സിനിമയെ രക്ഷിച്ചത് ജയലളിതയാണെന്നും അതിന് ജയലളിതയോട് നന്ദി പറയുന്നുവെന്നും വിജയ്ക്ക് പ്രത്യേക വീഡിയോ തന്നെ അന്ന് ചെയ്യേണ്ടി വന്നു.2013 ഓഗസ്റ്റ് 9നായിരുന്നു ചിത്രത്തിന്റെ റിലീസ്. വൈകിയാണ് തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ സിനിമ റിലീസ് ചെയ്തതെങ്കിലും താരതമ്യേന മികച്ച വിജയം നേടാന്‍ സിനിമയ്ക്കായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍