മാതാവിന് ചെലവിനു പണം നൽകാത്ത മകനെ കോടതി ജയിലിലടച്ചു

എ കെ ജെ അയ്യർ

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (19:11 IST)
കാസർകോട് : മാതാവിനു ചെലവിന് പണം നല്‍കിയില്ല എന്ന പരാതിയെ തുടർന്ന് മകനെ ആര്‍ഡിഒ കോടതി ജയിലിലടച്ചു. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ (46) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. 
 
തൻ്റെ മകന്‍ ചെലവിന് പണം നല്‍കുന്നില്ലെന്ന പരാതിയുമായി കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസഫ്(68) ആണ് കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും നിയമ പരിരക്ഷ മുന്‍നിര്‍ത്തി പ്രതിമാസം രണ്ടായിരം രൂപ ഏലിയാമ്മയ്ക്ക് നല്‍കണമെന്ന് ഒരു വര്‍ഷം മുന്‍പ് ആര്‍ഡിഒ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക മകന്‍ നല്‍കുന്നില്ലെന്ന് കാണിച്ച് അഞ്ചുമാസം മുന്‍പ് ഏലിയാമ്മ ആര്‍ഡിഒ കോടതിയിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പത്ത് ദിവസത്തിനകം കുടിശിക ഉള്‍പ്പെടെ നല്‍കണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണല്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന നോട്ടീസും അയച്ചിരുന്നു. മകൻ ഇത് തീർത്തും അവഗണിച്ചതി തുടർന്നാണ് കോടതി നടപടിക്ക് തയ്യാറായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍