പാലിയേക്കര ടോള്‍ പിരിവ്: വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

രേണുക വേണു

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (13:08 IST)
പാലിയേക്കര ടോള്‍ മരവിപ്പിച്ച നടപടി ഹൈക്കോടതി നീട്ടി. ഗതാഗത കുരുക്ക് രൂക്ഷമായ ദേശീയപാത മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ടോള്‍ പിരിവ് നിര്‍ത്തിവയ്പ്പിച്ച ഉത്തരവ് പിന്‍വലിക്കൂവെന്ന് കോടതി പറഞ്ഞു. 
 
പാത ഗതാഗത യോഗ്യമാക്കിയോ എന്ന കാര്യം ദേശീയപാത അതോറിറ്റി ജില്ലാ കലക്ടറെ അറിയിക്കണം. ജില്ലാ കലക്ടര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തിങ്കളാഴ്ച വരെയാണ് കോടതി നീട്ടിയിരിക്കുന്നത്. ഇതിനുള്ളില്‍ കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. പാത ഗതാഗത യോഗ്യമായെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ കോടതി അനുമതി നല്‍കൂ. 
 
തൃശൂര്‍ കലക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായി നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കി.


ഇന്നലെ ഹര്‍ജി പരിഗണിക്കവെ, ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. റോഡ് ഗതാഗത യോഗ്യമാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് കോടതി ആവര്‍ത്തിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍