ജ്യോതി വിജയകുമാർ, രമേഷ് പിഷാരടി, സന്ദീപ് വാര്യർ.. നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കരട് പട്ടികയുമായി കോൺഗ്രസ്

അഭിറാം മനോഹർ

വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (14:05 IST)
നിയമസഭാ തെരെഞ്ഞെടുപ്പിന് കേവലം 8 മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാ നേതൃതലങ്ങളില്‍ സജീവമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മണ്ഡലങ്ങളിലെ സംബന്ധിച്ച് പ്രാഥമിക കരട് രൂപമായതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
പരിചയസമ്പന്നര്‍, പുതുമുഖങ്ങള്‍, താരപരിവേഷമുള്ളവര്‍ എന്നിവരെയെല്ലാം കോര്‍ത്തിണക്കികൊണ്ടുള്ള ലിസ്റ്റാണ് രൂപീകരിച്ചിട്ടുള്ളത്. ജ്യോതി വിജയകുമാര്‍, രാജു പി നായര്‍, ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍, മാത്യു ആന്റണി തുടങ്ങിയവര്‍ പട്ടികയില്‍ ഇടം പിടിച്ചു. യുവനേതാക്കളില്‍ അരിത ബാബു, റിജില്‍ മാക്കുറ്റി ജെ എസ് അഖില്‍,വീണ നായര്‍ എന്നിവരും പരിഗണനയിലുണ്ട്. ബിജെപിയില്‍ നിന്നെത്തിയ സന്ദീപ് വാര്യരും പരിഗണനപട്ടികയിലുണ്ട്.
 
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. കായംകുളത്ത് അരിത ബാബു, നേമത്ത് വീണ നായര്‍ എന്നിവര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സ്ഥിതിയിലാണ്. കോട്ടയത്ത് മുന്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെയും ചെങ്ങനൂരിലേക്ക് ജ്യോതി വിജയകുമാറിനെയുമാണ് പരിഗണിക്കുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഷമാ മുഹമ്മദിനെയും പരിഗണിച്ചേക്കും.
 
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സന്ദീപ് വാര്യരാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ വീണ്ടും സീറ്റ് നല്‍കുന്നതില്‍ പാര്‍ട്ടിക്കിടയില്‍ എതിര്‍പ്പുണ്ട്. യുവസ്ഥാനാര്‍ഥികളില്‍ റിജില്‍ മാക്കുറ്റി കണ്ണൂരില്‍ മത്സരിച്ചേക്കും. ജെ എസ് അഖിലിന് കഴക്കൂട്ടം സീറ്റാകും നല്‍കുക. ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ എം പിമാര്‍ നിയമസഭയില്‍ മത്സരിക്കാന്‍ താത്പര്യം കാണിച്ചിട്ടുണ്ടെങ്കിലും ഇവരെ പരിഗണിച്ചേക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍