കേരള കോൺഗ്രസ് യുഡിഎഫിലേക്കോ?, രാഹുൽ ഗാന്ധിയുമായി ജോസ് കെ മാണി ചർച്ച നടത്തിയതായി സൂചന

അഭിറാം മനോഹർ

ചൊവ്വ, 8 ജൂലൈ 2025 (18:01 IST)
ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് മാറാന്‍ ഒരുങ്ങുന്നുവെന്ന അഭൂഹങ്ങള്‍ ശക്തമാകുന്നു. വനൂജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തിര നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവനയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
 
 ഇടതുപക്ഷത്തില്‍ നിന്നും പുറത്തുകടക്കാനുള്ള മാര്‍ഗമായാണ് പുതിയ വിഷയത്തിലേക്ക് കേരള കോണ്‍ഗ്രസ് കടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സഖ്യമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ജോസ് കെ മാണി ഇതിനകം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് കെ മാണി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
 
 തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന് മുന്‍പായി കേരള കോണ്‍ഗ്രസിനെ തിരികെ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നത് ഫലപ്രദമായി തടയുന്നതിന് ഇത് വഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അതേസമയം ജോസ് കെ മാണിക്ക് രാജ്യസഭാംഗത്വം നല്‍കിയതുള്‍പ്പടെ ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്. മതിയായ കാരണമില്ലാതെ മുന്നണി വിടുന്നത് വെല്ലുവിളിയാണ് എന്ന് കണക്കിലെടുത്താണ് വന്യജീവി ശല്യം വിഷയമായി ഉയര്‍ത്തി കാണിക്കാന്‍ കേരള കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. വിഷയത്തില്‍ നിയമനിര്‍മാണം ഉടനെ നടത്തണമെന്ന ആവശ്യമാണ് കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍