'12 മണിക്കൂര്‍ ബ്ലോക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ?' ദേശീയപാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് കോടതി

രേണുക വേണു

തിങ്കള്‍, 18 ഓഗസ്റ്റ് 2025 (17:54 IST)
Paliyekkara Toll

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെ ദേശീയപാത അതോറിറ്റിയെയും ടോള്‍ പിരിക്കുന്ന കമ്പനിയെയും നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി. ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങളില്‍ നിന്ന് 150 രൂപ ടോളായി വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. 
 
'താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്,' എന്നാണ് ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു ജസ്റ്റിസ് കെ.വിനോദ് ചോദിച്ചത്. ദേശീയപാതയില്‍ മുരിങ്ങൂരില്‍ റോഡ് മറിഞ്ഞതാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. ലോറി തനിയെ വീണതല്ലല്ലോ എന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതല്ലേയെന്നും കോടതി തിരിച്ചു ചോദിച്ചു. 
 
ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍ പിരിക്കുന്ന കമ്പനിയുമാണ് മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, എന്‍.വി.അന്‍ജാരിയ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. 
ദേശീയപാതയിലെ ടോള്‍ 150 രൂപയാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കിടക്കുന്നതിനു എന്തിനാണ് ടോള്‍ പിരിക്കുന്നതെന്ന് കോടതി ചോദിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍