സ്വത്തിന് വേണ്ടി മകനും മരുമകളുടെയും ക്രൂരപീഡനം; 85 വയസുകാരൻ തന്റെ സമ്പാദ്യമെല്ലാം സർക്കാരിന് എഴുതി നൽകി

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (08:38 IST)
സ്വത്തുക്കള്‍ ലഭിക്കാനായി മകന്‍റെയും മരുമകളുടെയും ഉപദ്രവം സഹിക്കാതെ 85 വയസുകാരന്‍ തന്‍റെ എല്ലാ സമ്പാദ്യവും സര്‍ക്കാരിന് നല്‍കി. കഴിഞ്ഞ ദിവസമായിരുന്ന ക്ഷേത്രമോഹന്‍ മിശ്ര എന്ന 85 വയസുകാരന്‍ തന്‍റെ സ്വത്തുവകകള്‍ സര്‍ക്കാരിന് നല്‍കികൊണ്ടുള്ള വില്‍പത്രം കളക്ടറായ രാജന്‍കുമാര്‍ ദാസിന് നല്‍കിയത്. ഒഡിഷ സംസ്ഥാനത്തിലെ മുരാരിപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. 
 
താന്‍ സ്വത്ത് എഴുതി നല്‍കാത്തതിന്‍റെ പേരില്‍ വര്‍ഷങ്ങളായി മകനും മരുമകളും തന്നെ ദ്രോഹിക്കുകയായിരുന്നുവെന്നാണ് മിശ്ര പറയുന്നത്. വളരെ കാലം മകന്‍റെയും ഭാര്യയുടെ ഉപദ്രവം സഹിച്ചാണ് ജീവിച്ചത്. ഒടുവില്‍ അവര്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഗ്രാമവാസികളായ ചിലരുടെ കൂടെയാണ് പിന്നീട് കഴിഞ്ഞത്. ഇനി തന്നെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ആക്കിയാല്‍ മതിയെന്നാണ് മിശ്ര കളക്ടറോട് പറഞ്ഞത്.
 
മാത്രമല്ല, തന്‍റെ മരണ ശേഷം മൃതശരീരം പോലും മകന് വിട്ടുകൊടുക്കരുതെന്ന് മിശ്ര പറയുന്നു. നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടര്‍ മിശ്രയെ ഒരു വൃദ്ധസദനത്തിലെത്തിച്ചു. പ്രായമായ പിതാവിനെ ഉപദ്രവിച്ചതില്‍ മകനും മരുമകള്‍ക്കുമെതിരെ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article