തുടര്‍ച്ചയായി രണ്ടാം തവണയും തമിഴ്‌നാട് മുഖ്യമന്ത്രിയായി ജെ ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ റോസയ്യ ജയലളിതയ്ക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മദ്രാസ് സര്‍വ്വകലാശാലയിലെ ശതാബ്‌ദി ഓഡിറ്റോറിയത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍.
അറുപത്തിയെട്ടുകാരിയായ ജയലളിത ആറാം തവണയാണ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1991ല്‍ നാല്പത്തിമൂന്നാം വയസ്സില്‍ ആയിരുന്നു ജയലളിത ആദ്യമായി മുഖ്യമന്ത്രിയായത്.
ജയലളിതയ്ക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത ചുമതലയേറ്റു. പുതുതായി ചുമതലയേല്‍ക്കുന്ന 28 മന്ത്രിമാരില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ നാല് സ്ത്രീകള്‍ ആണ് മന്ത്രിസഭയില്‍ ഉള്ളത്.
സത്യപ്രതിജ്ഞാചടങ്ങുകള്‍ സംസ്ഥാനത്തുടനീളം തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആളുകള്‍ കൂടുന്ന കേന്ദ്രങ്ങളില്‍ എല്‍ സി ഡി സ്ക്രീന്‍ ക്രമീകരിച്ച വാഹനങ്ങള്‍ എത്തിച്ചായിരുന്നു പ്രദര്‍ശനം.
സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. വേദിയും പരിസരവും പൊലീസും ബോംബ് സ്ക്വാഡും ഞായറാഴ്ച വിശദമായി പരിശോധിച്ചിരുന്നു.