ബർത്ത് ഡേ പാർട്ടിക്കിടെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചതിന് നാല് പെൺകുട്ടികളെ കോളജിൽ നിന്ന് സസ്‌പെന്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ കോളജ് വിദ്യർത്ഥികളെയാണ് അധികൃതർ പുറത്താക്കിയത്. ആഴ്ചകൾക്ക് മുൻപാണ് സംഭവം.
ആഘോഷത്തിനിടെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കോളജ് അധികൃതരുടെ നടപടി. പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു ജന്മദിനാഘോഷം.
പ്രചരിക്കുന്ന വീഡിയോയിൽ മൂന്ന് പെൺകുട്ടികൾ കോളേജ് യൂണിഫോം ധരിച്ചാണ് മദ്യപിക്കുന്നത്. ഇവർക്കൊപ്പം ഒരു പുരുഷ സുഹൃത്തും മദ്യപിക്കുന്നതായി കാണാം. അതിനിടെ കൂട്ടത്തിലുള്ള മറ്റൊരാൾ ഇവർ മദ്യപിക്കുന്നതിന്റെ വീഡിയോ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു.
പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരെ വലിയ തോതിൽ വിമർശനമുയർന്നു. എന്നാൽ ഇവർക്കൊപ്പമുള്ള പുരുഷ സുഹൃത്ത് കോളേജ് വിദ്യാർത്ഥിയല്ലെന്നും വീഡിയോ പകർത്തിയത് പെൺകുട്ടിയുടെ ബന്ധുവാണെന്നുമാണ് കോളജ് അധികൃതർ പറയുന്നത്.