ബെംഗളുരുവില്‍ 34കാരന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി തന്നെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് അതുല്‍ സുഭാഷ് 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ കേസുകള്‍ ചുമത്തി പണം തട്ടുന്നതായാണ് ആരോപിക്കുന്നത്. 24 പേജുകളുള്ള ആത്മഹത്യ കുറിപ്പില്‍ നീതിന്യായ വ്യവസ്ഥയെയും അതുല്‍ വിമര്‍ശിച്ചു.
വിവാഹമോചനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുമ്പോള്‍ കുറ്റകൃത്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം പ്രവണതകള്‍ മുളയിലെ നുള്ളണമെന്ന് കോടതി പറഞ്ഞു. 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ മാത്രമാണ് പറഞ്ഞതെന്നും ക്രൂരതയ്ക്ക് ഇരയായ ഓരോ സ്ത്രീയും മൗനം പാലിക്കേണ്ടതില്ലെന്നും 498 എ വകുപ്പ് സ്ത്രീയുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു.