സുപ്രിംകോടതിയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ല, ക്രമരഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മുതിർന്ന ജഡ്ജിമാർ

Webdunia
വെള്ളി, 12 ജനുവരി 2018 (15:09 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് ഇന്ത്യൻ ഭരണഘധിയിലെ അസാധാരണ സംഭവമായി മാറിയിരിക്കുകയാണ്. സുപ്രിംകോടതിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നതെന്നായിരുന്നു മുതിർന്ന് ജഡ്ജിമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍ എവരുടെ ആരോപണം.
 
തങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് ഒരു കത്ത് നല്‍കിയിരുന്നു എന്നും ആ കത്തില്‍ ആവശ്യപ്പെട്ട കാര്യത്തേക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സുപ്രീംകോടതി ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചു.  
 
സൊറാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജിൻ ഗോപാൽ ഹരികൃഷ്ണൻ ലോയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്. 2014ലാണ് ലോയ മരണപ്പെടു‌ന്നത്.
 
ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട സുപ്രീം കോടതിയിലെത്തിയ ഹർജി തികച്ചും അപ്രധാനമായ ബെഞ്ചിനു നൽകിയതിനെതിരെയും ചീഫ് ജസ്റ്റിസിനു നൽകിയ കത്തിൽ പരോക്ഷമായി സൂചനയുണ്ട്. 
 
കോടതിയിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ജഡ്ജിമാർ പറയുന്നു. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. പക്ഷേ കുറച്ച് മാസമായിട്ട് അസാധാരണമായ സംഭവവികാസങ്ങളാണ് നടക്കുന്നതെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article