പൗരത്വ ഭേദഗതി നിയമത്തിൽ സ്റ്റേ ഇല്ല; മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

റെയ്‌നാ തോമസ്
ബുധന്‍, 22 ജനുവരി 2020 (12:13 IST)
കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വാദം കേള്‍ക്കാതെ പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നിയമ ഭേദഗതിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നാലാഴ്ച സമയം അനുവദിച്ചു. നിയമത്തിനു സ്റ്റേ ഇല്ലെങ്കില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ വാദവും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ല. കേസ് അഞ്ച് അംഗം ഭരണഘടനാ ബെഞ്ചിനു വിടുമെന്ന് കോടതി സൂചിപ്പിച്ചു.
 
നിയമഭേദഗതി ചോദ്യം ചെയ്തു സമര്‍പ്പിച്ച 143 ഹര്‍ജികളില്‍ 60 ഹര്‍ജികളില്‍ മാത്രമേ കേന്ദ്രത്തിനു നോട്ടീസ് ലഭിച്ചിട്ടുള്ളുവെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി കേള്‍ക്കാതെ ഉത്തരവു പുറപ്പെടുവിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഞ്ച് ആഴ്ചയ്ക്കു ശേഷം മൂന്നംഗ ബെഞ്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
 
ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടേക്കുമെന്ന ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ സൂചിപ്പിച്ചു. കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതൈന്ന്, ഹര്‍ജികളുടെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article