പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ദ്രാവിഡ മതേതര പാര്‍ട്ടി എന്ന നിലയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച എഐഡിഎംകെയുടെ നിലപാട് ഞെട്ടലുണ്ടാക്കി. ബിജെപിയുടെ നിഴല്‍ സര്‍ക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നും കനിമൊഴി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കനിമൊഴി.
പൗരത്വ ഭേദഗതി നിയമം ഏറ്റവും പ്രതികൂലമായി ബാധിക്കുക സ്ത്രീകളെ ആയിരിയ്ക്കും. നിയമത്തില്‍ ആരാണ് പൗരന്‍ എന്നതിന് തെളിവായി പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖ ഭൂമിയാണ്. രാജ്യത്ത് എത്ര സ്ത്രീകള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയുണ്ട്. സ്വന്തം പേരില്‍ വസ്തുവകകള്‍ ഉളള സ്ത്രീകള്‍ ഇന്ത്യയില്‍ തീരെ കുറവാണ്. യുദ്ധമുണ്ടായാലും ആഭ്യന്തര കലാപങ്ങളുണ്ടായാലും ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്.