ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

അഭിറാം മനോഹർ

ചൊവ്വ, 29 ഏപ്രില്‍ 2025 (19:52 IST)
Indian railways
ട്രെയിന്‍ യാത്രയിലെ വെയ്റ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതിയ മാനദണ്ഡപ്രകാരം വെയ്റ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍ എ സി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല. അവരെ ജനറല്‍ ക്ലാസില്‍ മാത്രമാകും യാത്ര ചെയ്യാന്‍ അനുവദിക്കുക. നിലവില്‍ കൗണ്ടറുകളില്‍ നിന്നും വാങ്ങുന്ന വെയ്റ്റിങ്ങ് ലിസ്റ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്ലീപ്പര്‍, എ സി കോച്ചുകളില്‍ യാത്ര ചെയ്യാനാകും.
 
 ഐആര്‍സിടിസി വഴി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണെങ്കില്‍ യാത്രയ്ക്ക് മുന്‍പ് കണ്‍ഫേം ആയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്നതാണ് പതിവ്. എന്നാല്‍ കൗണ്ടറുകളില്‍ ലഭിക്കുന്ന വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ എ സി, സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യാറുണ്ട്. ഇത് കണ്‍ഫേം ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്ന് വിലയിരുത്തിയാണ് പരിഷ്‌കാരം.
 
 മെയ് 1 മുതല്‍ ഇത്തരത്തില്‍ വെയ്റ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ വ്യക്തിക്ക് പിഴ ചുമത്താനോ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടാകുമെന്നും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശശി കിരണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍