ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു എസ്പിബി: മുഖ്യമന്ത്രി പിണറായി വിജയന്‍

ശ്രീനു എസ്
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (16:22 IST)
ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ്  ചാര്‍ത്തിയ പ്രതിഭയായിരുന്നു എസ്പി ബാലസുബ്രമണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ശബ്ദമായിരുന്നു എസ്പിബിയെ വ്യത്യസ്ഥനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
 
തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും. ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നു-മുഖ്യമന്ത്രി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article